പുഷ്പനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ്; ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

പുഷ്പനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ്; ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ



അന്തരിച്ച സഖാവ് പുഷ്പനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ്. ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ.
കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഹരിപ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. എറണാകുളം റേഞ്ച് ഡിഐജിയുടേതാണ് നടപടി. ഹരിപ്രസാദിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കും വിധത്തിൽ പ്രചാരണം നടത്തിയതിനാണ് കേസ്.


ഹരിപ്രസാദ് അയച്ച വാട്സ്ആപ്പ് സംന്ദേശത്തിലാണ് രക്തസാക്ഷിയായ പുഷ്പനെതിരെ അപകീർത്തി പരാമർശം നടത്തിയത്. ശ​നി​യാ​ഴ്‌​ച​യാ​ണ് ഇയാൾ ച​ങ്ങാ​തി​ക്കൂ​ട്ടം എ​ന്ന വാ​ട്സ്​​ആ​പ്​ കൂ​ട്ടാ​യ്മ​യി​ൽ അപകീർത്തികരമായ ക​മ​ന്‍റ്​ ഇ​ട്ട​ത്. പലരും ഈ മെസേജിൻ്റെ സ്ക്രീൻ ഷോട്ട് എടുക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സേനയിലെ അം​ഗമായ ഹരിപ്രസാദിന്റെ പ്രവൃത്തി കടുത്ത അച്ചടക്ക ലംഘനമാണെന്നും പൊലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തുന്നതാണെന്നും സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. നാർക്കോട്ടിക് സെൽ പോലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്