കാട്ടാന ശല്യമൊഴിയാതെ കച്ചേരിക്കടവ് നിരവധിപേരുടെ കാർഷിക വിളകൾ നശിപ്പിച്ചു

കാട്ടാന ശല്യമൊഴിയാതെ കച്ചേരിക്കടവ് 
നിരവധിപേരുടെ കാർഷിക വിളകൾ നശിപ്പിച്ചു




 
ഇരിട്ടി : നിത്യേന എന്നോണം  എത്തി തങ്ങൾ നട്ടു നനച്ചുണ്ടാക്കിയ കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടാനകളുടെ വിളയാട്ടത്തിൽ പൊറുതിമുട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവ്, പാലത്തിൻ കടവ് പ്രദേശവാസികൾ. കഴിഞ്ഞ ദിവസം  ഏഴുമണിക്കൂറോളം വനപാലകരെ തടഞ്ഞുവെച്ച് നടന്ന പ്രദേശ വാസികളുടെ പ്രതിഷേധത്തിനൊടുവിൽ ഡി എഫ് ഒ എത്തി പ്രതിരോധ സംവിധാനങ്ങൾ ഉടനെ ഒരുക്കുമെന്ന് പറഞ്ഞ് പിരിഞ്ഞ പിറ്റേദിവസം രാത്രിയിലും പ്രദേശത്ത് കാട്ടാനകളെത്തി . 
വ്യാഴാഴ്ച രാത്രിയിൽ എത്തിയ കാട്ടാനകൾ കച്ചേരിക്കടവ്, മുടിക്കയം പ്രദേശത്തെ നരിമറ്റത്തിൽ ബിജു, പുതുപ്പറമ്പിൽ ജോർജ്, പുളിക്കൽ അബ്രാഹം, പുതുപ്പറമ്പിൽ അജു തുടങ്ങി നിരവധി പേരുടെ കാർഷിക വിളകളാണ് നശിപ്പിച്ചത്. തെങ്ങ്, വാഴ, കവുങ്ങ്, കുരുമുളക്, കൊക്കോ, കശുമാവ് തുടങ്ങി നിരവധി വിളകളാണ് ആനക്കൂട്ടം ചവിട്ടി മെതിച്ചത്. കർണ്ണാടക വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മാക്കൂട്ടം വനമേഖലകളിൽ നിന്നും ബാരാപ്പോൾ പുഴ കടന്നെത്തുന്ന  കാട്ടാനകളാണ് കേരളത്തിന്റെ അധീനതയിലുള്ള ജനവാസ മേഖലകളിൽ എത്തി ഭീതി വിതക്കുന്നത്. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ബുധനാഴ്ച പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളും പ്രദേശ വാസികളും ചേർന്ന് വനപാലകരെ ഏഴു മണിക്കൂറോളം തങ്ങളുടെ കൃഷിയിടത്തിൽ തടഞ്ഞു വെച്ചത്. ആറുമാസം മുൻപ് പൂർത്തിയാക്കേണ്ട പദ്ധതി നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. 

ആനപ്രതിരോധ വേലി  നിർമ്മാണം  ടെൻഡർ ഇന്ന്  തുറക്കും 

മേഖലയിൽ അനുഭവപ്പെടുന്ന കാട്ടാനകൾ അടക്കമുള്ള  വന്യജീവികളുടെ ആക്രമണം തടയാൻ നബാഡിന്റെ ധനസഹായത്തോടെ നിർമ്മിക്കുന്ന ഏഴു കിലോമീറ്റർ സോളാർ തൂക്കുവേലിയുടെ  ടെൻഡർ ശനിയാഴ്ച   തുറക്കും. 53 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് കണക്കാക്കുന്നത്. രണ്ട് കമ്പിനികൾ ടെണ്ടറിൽ പങ്കെടുത്തതോടെ വേലിയുടെ നിർമ്മാണം ഉടൻ ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ആണ് നാട്ടുകാർ. എന്നാൽ ഇതിനിടയിലും കാട്ടാന അക്രമം തുടരുന്നതിനാൽ പ്രദേശത്തെ കർഷകർ ഭീതിയിലാണ്. അയ്യൻകുന്നിലെ വനാതിർത്തികളിൽ ത്രിതല പഞ്ചായത്തും കൃഷി വകുപ്പും ചേർന്ന്  2.20 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന സോളാർ വേലിയുടെ നിർമ്മാണ കരാറും  ഒപ്പിട്ടുകഴിഞ്ഞു. സിൽക്കിനാണ് പ്രവർത്തിയുടെ മേൽനോട്ട ചുമതല. ഇതെല്ലം പൂർത്തിയാകുന്നതോടെ മേഖലയിലെ  വന്യമൃഗങ്ങളുടെ ശല്യത്തിന്  ഒരുപരിധിവരെ തടയിടാൻ  കഴിയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.