കണ്ണൂർ വിമാനത്താവളം- അമ്പായത്തോട് നാലുവരി പാതയുടെ ഫോർ വൺ നോട്ടിഫിക്കേഷൻ ഇറങ്ങി

കണ്ണൂർ വിമാനത്താവളം- അമ്പായത്തോട് നാലുവരി പാതയുടെ ഫോർ വൺ നോട്ടിഫിക്കേഷൻ ഇറങ്ങി




പേരാവൂർ : കണ്ണൂർ വിമാനത്താവളം-  അമ്പായത്തോട് നാലു വരി പാതയുടെ സാമൂഹിക ആഘാത പഠനത്തിന് വിജ്ഞാപനം ഇറങ്ങി. കൊട്ടിയൂർ, കേളകം, കണിച്ചാർ, മണത്തണ, വെള്ളർവള്ളി, തോലമ്പ്ര, ശിവപുരം, കോളാരി, പഴശ്ശി എന്നീ 9 വില്ലേജുകളിലെ 84.906 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചാണ് 4 (1) വിജ്ഞാപനം ഇറക്കിയത്.

കോഴിക്കോട് തിക്കോടിയിലെ വി.കെ കൺസൾട്ടൻസിക്കാണ് പഠനത്തിനുള്ള അനുമതി നൽകിയിട്ടുള്ളത്. മൂന്ന് മാസമാണ് കാലാവധി. വയനാട്ടിലെ മാനന്തവാടിയിൽ നിന്ന് മട്ടന്നൂരിലെ കണ്ണൂർ വിമാനത്താവളത്തിലേക്കാണ് പാതയെങ്കിലും മട്ടന്നൂരിന് സമീപമുള്ള മാലൂർ, പേരാവൂർ, കണിച്ചാർ,കേളകം പഞ്ചായത്തുകളിൽ മാത്രമാണ് പൂർണമായി നാല് വരി പാത കടന്നു പോകുന്നത്.

കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട് വരെയാണ് നാല് വരി പാത നിർമിക്കുക. നഷ്ടപരിഹാരം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളാണ് സാമൂഹികാഘാത പഠനത്തിൽ ഉൾപ്പെടുന്നത്.