പത്തനംതിട്ട: സിപിഎമ്മിൽ എത്തിയ കാപ്പാക്കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല അടിച്ചു പൊട്ടിച്ചു. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കലിലാണ് സംഭവം. മലയാലപ്പുഴ സ്വദേശി ഇഡ്ഡലി എന്ന് വിളിക്കപ്പെടുന്ന ശരൺ ചന്ദ്രനാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദേശി രാജേഷിനെ ബിയർ ബോട്ടിൽ കൊണ്ട് ആക്രമിച്ചത്. കഴിഞ്ഞ മാസം 29ന് ഒരു വിവാഹ സൽക്കാര ചടങ്ങിനിടെയായിരുന്നു സംഭവം. തലയ്ക്കും മുഖത്തും പരിക്കേറ്റ രാജേഷ് ചികിത്സ തേടിയിരുന്നു. പൊലീസ് ആശുപത്രിയിലെത്തിയപ്പോൾ ഭീഷണിയെ തുടർന്ന് രാജേഷ് ആദ്യം പരാതി കൊടുത്തിരുന്നില്ല. വാഹനത്തിൽ വീണതെന്ന് പറഞ്ഞാണ് ആദ്യം പൊലീസിനെ രാജേഷ് മടക്കിയത്. എന്നാൽ ഇന്നലെ രാത്രിയോടെ പത്തനംതിട്ട പോലീസിൽ ശരൺ ചന്ദ്രനെതിരെ രാജേഷ് പരാതി നൽകി. ശരൺ ചന്ദ്രനെ പ്രതിയാക്കി പോലീസ് കേസെടുത്തെങ്കിലും ദുർബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ബിജെപി വിട്ടുവന്ന 62 പേരെ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേർന്ന് മാലയിട്ടു സിപിഎമ്മിലേക്ക് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. അന്ന് പാർട്ടിയിൽ ചേർന്നവരിൽ പ്രധാനി ശരൺ ചന്ദ്രൻ കാപ്പാ കേസ് പ്രതിയെന്ന വിവരം പുറത്തുവന്നത് സിപിഎമ്മിന് തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെ ഈ സംഘത്തിൽ സിപിഎമ്മിൽ ചേർന്ന യദു കൃഷ്ണനെന്ന യുവാവിനെ കഞ്ചാവുമായി എക്സൈസ് പിടികൂടിയത് അടുത്ത വിവാദമായി. എസ്എഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലുള്ള പ്രതിയെയും മാലിയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ചുവെന്ന വിവരം കൂടി പിന്നാലെ പുറത്തുവന്നു. 2023 നവംബറിലെ വധശ്രമക്കേസിൽ ഒന്നാംപ്രതിയായ ശരൺ ചന്ദ്രൻ ഹൈക്കോടതിയിൽ നിന്ന് ജാമ്യമെടുത്തു. എന്നാൽ നാലാം പ്രതി സുധീഷ് ഒളിവിലെന്നാണ് പത്തനംതിട്ട പൊലീസ് പറയുന്നത്.
സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രൻ സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തിയിരുന്നു എന്നാണ് ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡൻറ് അന്ന് പ്രതികരിച്ചത്. ഇതറിഞ്ഞപ്പോൾ തന്നെ ശരണിനെ പാർട്ടിയിൽ നിന്ന് മാറ്റി നിർത്തി. ഗുണ്ടാ സംഘങ്ങളുമായി അയാൾക്ക് ബന്ധമുണ്ട്. കാപ്പ ഒഴിവാക്കി തരാമെന്ന് ഡീലിലാണ് അയാൾ സിപിഎമ്മിൽ എത്തിയത് എന്നും ബിജെപി നേതാവ് ആരോപിച്ചിരുന്നു.