പോലീസിനെതിരെ ഇനിയും തെളിവുണ്ട്. സര്‍ക്കാരിനെയും പാര്‍ട്ടിയെയും കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്തും. ചില പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. മുഖ്യമന്ത്രി വിശ്വസിച്ചേല്‍പ്പിച്ച കാര്യങ്ങള്‍ എഡിജിപിയും പി ശശിയും ചെയ്തില്ല.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും എഡിജിപി എം ആര്‍ അജിത്കുമാറിനെതിരേയും ഗുരുതര ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. പി ശശിയെയും എഡിജിപി എം ആര്‍ അജിത്കുമാറിനെയും മുഖ്യമന്ത്രി വിശ്വസിച്ച് കാര്യങ്ങളേല്‍പ്പിച്ചതാണ്. അവര്‍ ആ ചുമതല കൃത്യമായി ചെയ്തില്ല. സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എംആര്‍ അജിത്കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. അന്‍വര്‍ വിമര്‍ശിച്ചു.
എഡിജിപി അജിത്കുമാര്‍ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്ന കുറ്റവാളിയാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചുള്ള പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വറിന്റെ പ്രതികരണം.
'പോലീസിനെതിരെ ഇനിയും തെളിവുണ്ട്. സര്‍ക്കാരിനെയും പാര്‍ട്ടിയെയും കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്തും. ചില പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. മുഖ്യമന്ത്രി വിശ്വസിച്ചേല്‍പ്പിച്ച കാര്യങ്ങള്‍ എഡിജിപിയും പി ശശിയും ചെയ്തില്ല. അജിത്കുമാര്‍ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്ന കുറ്റവാളിയാണ്. കൊന്നും കൊല്ലിച്ചും ശീലമുള്ള സംഘത്തോടാണ് ഏറ്റുമുട്ടുന്നത്.
കസ്റ്റംസില്‍ ഉള്ള ഉദ്യോഗസ്ഥര്‍ സ്വര്‍ണ്ണ കടത്തുകാരെ കടത്തി വിടും. എന്നിട്ട് പോലീസിന് വിവരം നല്‍കും. പിടിക്കുന്നതില്‍ നിന്ന് സ്വര്‍ണം കവരും. ഇതാണ് രീതി. മുഖ്യമന്ത്രിയെ വിശ്വസ്തര്‍ കുഴിയില്‍ ചാടിക്കുകയാണ്. അജിത്കുമാറിന്റെ ഭാര്യയ്ക്ക് സ്ത്രീയെന്ന പരിഗണന നല്‍കി ഇപ്പോള്‍ വിടുന്നു. എന്നാല്‍ ആവശ്യം വരികയാണെങ്കില്‍ ചില കാര്യങ്ങള്‍ പറയാം' -അന്‍വര്‍ വ്യക്തമാക്കി.