'നീതിയില്ലെങ്കിൽ നീ തീയാവുക'; ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് പി വി അൻവർ

'നീതിയില്ലെങ്കിൽ നീ തീയാവുക'; ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് പി വി അൻവർ


മലപ്പുറം: ഇന്ന് നാലരക്ക് മാധ്യമങ്ങളെ കാണുമെന്നറിയിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. ഫേസ്ബുക്ക് കുറിപ്പിലാണ് അൻവർ ഇക്കാര്യം അറിയിച്ചത്. വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്‌. നീതിയില്ലെങ്കിൽ നീ തീയാവുക എന്നാണല്ലോ.. വൈകിട്ട്‌ നാലരയ്ക്ക്‌ മാധ്യമങ്ങളെ കാണും- ഇങ്ങനെയായിരുന്നു കുറിപ്പ്. 

കഴിഞ്ഞ ദിവസം എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ പ്രതികരണവുമായി അൻവർ രംഗത്തെത്തിയിരുന്നു. എഡിജിപി ലോ ആൻഡ്‌ ഓർഡർ ചുമതലയിൽ ഈ കേസുമായി ബന്ധമുണ്ടെന്ന് താൻ സംശയിക്കുന്ന വ്യക്തി തുടരുന്നിടത്തോളം കാലം ഈ കേസിൽ നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകില്ലെന്ന് വ്യക്തമായെന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചു. എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ ദുരൂഹത ഉണ്ടെന്നും ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ ഇതിൽ പങ്കുണ്ടെന്നും പല തവണ ആവർത്തിച്ചിരുന്നു. ഈ കേസ്‌ പ്രത്യേക അന്വേഷണ സംഘം നേരിട്ട്‌ വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്‌ കത്തും നൽകിയിരുന്നുവെന്ന് അൻവർ പറഞ്ഞു.  

നിലവിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഈ കേസിൽ എടവണ്ണ പൊലീസ്‌ പുതിയൊരു നീക്കം നടത്തിയിട്ടുണ്ട്‌. കൊല്ലപ്പെട്ട റിദാന്റെ കാണാതായ ഫോണുമായി ബന്ധപ്പെട്ട്‌ ചില സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അന്വേഷണത്തിനായി വിചാരണ നിർത്തി വയ്ക്കണം എന്നും ആവശ്യപ്പെട്ട്‌ അന്വേഷണ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം കോടതിയെ സമീപിക്കുകയും കോടതി അത്‌ അനുവദിക്കുകയും ചെയ്തിട്ടുണ്ട്‌.