റഫ്രിജറേറ്ററിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പ്രതി, പിന്നാലെ ആത്മഹത്യ

റഫ്രിജറേറ്ററിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പ്രതി, പിന്നാലെ ആത്മഹത്യ


ബെംഗളൂരു: ബെംഗളൂരുവിൽ റഫ്രിജറേറ്ററിനുള്ളിൽ നിന്ന് കഷണങ്ങളാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടന്ന് നാല് ദിവസത്തിന് ശേഷം കേസിലെ പ്രതിയായ മുക്തി രഞ്ജൻ റായിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് പ്രതി അമ്മയോട് കുറ്റകൃത്യത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്. താൻ മഹാലക്ഷ്മിയെ സ്നേഹിക്കുന്നുണ്ടെന്നും എന്നാൽ കിഡ്നാപ്പിംഗ് കേസിൽ കുടുക്കാൻ മഹാലക്ഷ്മി ശ്രമിക്കുകയാണെന്നും പ്രതി അമ്മയോട് പറഞ്ഞതായി ഒഡീഷ പൊലീസ് അറിയിച്ചു.

ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് മുക്തി രഞ്ജൻ റായ് അമ്മയെ കാണാനായി ഒഡീഷയിലെത്തിയത്. മഹാലക്ഷ്മിയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് പ്രതി തന്റെ അമ്മയുടെ മുന്നിൽ പൊട്ടിക്കരഞ്ഞു. മഹാലക്ഷ്മിക്ക് വേണ്ടി ഒരുപാട് പണം ചിലവഴിച്ചു. എന്നാൽ തന്നോട് മോശമായാണ് മഹാലക്ഷ്മി പെരുമാറിയതെന്നും റായ് പറഞ്ഞിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ഒഡീഷ പൊലീസ് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലും മുക്തി രഞ്ജൻ റായ് കുറ്റം സമ്മതിച്ചിട്ടുണ്ട്.

അതേസമയം, 29കാരിയായ മഹാലക്ഷ്മി വിവാഹിതയാണെങ്കിലും ഭർത്താവുമായി വേർപിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. ബെംഗളൂരുവിലെ ഒരു മാളിൽ ജോലി ചെയ്തിരുന്ന മഹാലക്ഷ്മിയും മുക്തി രഞ്ജൻ റായിയും സുഹൃത്തുക്കളായിരുന്നുവെന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു. തുടർന്ന് അവർ പ്രണയത്തിലാകുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് മഹാലക്ഷ്മി മുക്തി രഞ്ജൻ റായിയെ നിരന്തരമായി നിർബന്ധിച്ചിരുന്നു. ഇത് കാലക്രമേണ ഇരുവർക്കുമിടയിൽ വലിയ പ്രശ്നങ്ങളുണ്ടാക്കി. ഇതാണ് പിന്നീട് മഹാലക്ഷ്മിയുടെ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.

സെപ്റ്റംബർ രണ്ടിനും മൂന്നിനും ഇടയിലാണ് മഹാലക്ഷ്മി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. സെപ്തംബർ 21 ന് വൈലിക്കാവലിലെ ഫ്‌ളാറ്റിൽ നിന്ന് മഹാലക്ഷ്മിയുടെ അമ്മയാണ് മൃതദേഹം കണ്ടെത്തിയത്. 59 കഷ്ണങ്ങളാക്കിയ നിലയിലായിരുന്നു മഹാലക്ഷ്മിയുടെ മൃതദേഹം റഫ്രിജറേറ്ററിൽ നിന്ന് കണ്ടെത്തിയത്. സെപ്റ്റംബർ 25 ന് ഒഡീഷയിലെ ഭദ്രക് ജില്ലയിൽ മുക്തി രഞ്ജൻ റായിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു.