തിരുവനന്തപുരം:പാപ്പനംകോട് ഇൻഷുറൻസ് കമ്പനി ഓഫീസിലുണ്ടായ തീപിടിത്തത്തിൽ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. പാപ്പനംകോടി സ്വദേശിയും സ്ഥാപനത്തിലെ ജീവനക്കാരിയുമായ വൈഷ്ണയും മറ്റൊരു പുരുഷനുമാണ് മരിച്ചത്. തീപിടിച്ച ഓഫീസില്‍ പൊലീസ് നടത്തിയ പരിശോധനയിൽ കത്തി കണ്ടെത്തി. വൈഷ്ണയെ കുത്തിയശേഷം തീകൊളുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. വൈഷ്ണയ്ക്കൊപ്പം മരിച്ച പുരുഷൻ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. തീപിടുത്തതിന് പിന്നാലെ വൈഷ്ണയുടെ ഭർത്താവിനെ കാണാനില്ല.
ഇയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. രണ്ടാമത്തെ മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ പൊട്ടിത്തെറി ശബ്ദത്തോടെയാണ് തീ ആളിപ്പടർന്നത്. രണ്ടാം നിലയിലുള്ള സ്ഥാനപത്തിലേക്ക് കയറി തീ കെടുത്താൻ പോലും പോലും നാട്ടുകാർക്ക് കഴിഞ്ഞില്ല. ഫയർഫോഴ്സെത്തി തീയണച്ചപ്പോഴാണ് കത്തി കരിഞ്ഞ നിലയിൽ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വൈഷ്ണയെ തിരിച്ചറിഞ്ഞുവെങ്കിലും രണ്ടാമത്തെ മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല. സ്ഥലം പരിശോധിച്ച പൊലീസിന് സംശയമായി.
ഷോർട്ട് സർക്യൂട്ടല്ല അപകടകരാണമെന്ന് പ്രാഥമികമായി മനസിലാക്കിയ പൊലിസ് വൈഷ്ണയുടെ സഹോദനെ വിളിച്ച് കാര്യങ്ങള്‍ തിരിക്കിയപ്പോഴാണ് കുടുംബ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമായത്.നാലു വർഷമായി രണ്ടു കുട്ടികള്‍ക്കൊപ്പം സ്ഥാപനത്തടുത്ത് വാടക വീട്ടിലാണ് വൈഷ്ണ താമസിക്കുന്നത്. ഭർത്താവ് ബിനു മുമ്പും ഈ സ്ഥാപനത്തിൽ വന്ന് പ്രശ്നങ്ങളുണ്ടാക്കിയെന്നാണ് സമീപത്തെ സ്ഥാപനത്തിലുള്ളവർ പറയുന്നത്.
ഏഴു വർഷമായി ഇതേ സ്ഥാപനത്തിൽ വൈഷ്ണ ജോലി ചെയ്യുകയാണ്.ബിനുവിന്‍റെ രണ്ടു മൊബൈൽ നമ്പറുകളിലേക്ക് പൊലീസ് വിളിച്ചുവെങ്കിലും സ്വിച്ച് ഓഫാണ്. സ്ഥാപനത്തിലെത്തിയ ഒരാൾ തീ ഇട്ടതാണോ എന്നാണ് സംശയം. ഇത് ബിനുവാണോ മറ്റാരെങ്കിലുമാണോ എന്ന് വ്യക്തമല്ല. . ബിനുവിന്‍റെ നരുവാമൂട്ടിലെ വീട്ടിൽ സുഖമില്ലാത്ത അമ്മ മാത്രമാണുള്ളത്. രാവിലെ 11 മണിക്ക് മകൻ പോയെന്ന് മാത്രമാണ് അമ്മക്കറിയാവുന്നത്. വിശദമായ അന്വേഷണം നടത്തുമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു