അർദ്ധരാത്രി വീട്ടുകാർ ആശുപത്രിയിൽ കൊണ്ടുവന്ന യുവാവ് ഡ്രിപ്പ് ഇടുന്നതിനിടെ നഴ്സിനെ കടന്നുപിടിച്ചു

അർദ്ധരാത്രി വീട്ടുകാർ ആശുപത്രിയിൽ കൊണ്ടുവന്ന യുവാവ് ഡ്രിപ്പ് ഇടുന്നതിനിടെ നഴ്സിനെ കടന്നുപിടിച്ചു


കൊൽക്കത്ത: ബംഗാളിലെ ആ‍ർ.ജി കർ മെഡിക്കൽ കോളേജിൽ നടന്ന ഭയാനകമായ ബലാത്സംഗത്തിന്റെയും കൊലാപാതകത്തിന്റെ മുറുവുകൾ ഉണങ്ങുന്നതിന് മുമ്പ് സംസ്ഥാനത്തു ആരോഗ്യ പ്രവ‍ർത്തകയ്ക്ക് നേരെ വീണ്ടും അതിക്രമം. രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന് നേരെ രോഗിയാണ് ലൈംഗിക അതിക്രമം നടത്തിയത്. ബിർഭും ജില്ലയിലെ ഇലംബസാർ ഹെൽത്ത് സെന്ററിലാണ് സംഭവം നടന്നത്.

രാത്രി ശാരീരിക അസ്വസ്ഥതയെ തുടർന്ന് വീട്ടുകാരാണ് ആരോപണ വിധേയനായ രോഗിയെ ആശുപത്രിയിൽ എത്തിച്ചത്. അത്യാഹിത വിഭാഗത്തിൽ ഇയാളെ പരിശോധിച്ച ഡോക്ടർ നൽകിയ നിർദേശപ്രകാരം നഴ്സ് മരുന്നുകൾ കൊടുക്കുകയായിരുന്നു. ഡ്രിപ്പ് ഇടാനായി അടുത്തേക്ക് ചെന്നപ്പോഴാണ് യുവാവ് നഴ്സിനെ കടന്നുപിടിച്ചത്. തന്റെ ശരീരത്തിൽ അപമര്യാദയായി ഇയാൾ സ്പർശിച്ചുവെന്ന് നഴ്സ് പരാതിപ്പെട്ടു. 'താൻ ഡോക്ടറുടെ നിർദേശം അനുസരിച്ച് പ്രവർത്തിക്കുകയായിരുന്നു. അപ്പോഴാണ് സ്വകാര്യ ഭാഗങ്ങളിൽ രോഗി സ്പർശിച്ചത്. ഇതിന് പുറമെ അസഭ്യം പറയുകയും ചെയ്തു' - നഴ്സ് പറഞ്ഞു. 

ഇത്തരം സംഭവങ്ങൾ ആശുപത്രിയിലെ സുരക്ഷയില്ലായ്മ കാരണമാണ് ഉണ്ടാവുന്നതെന്നും അല്ലാതെ എങ്ങനെയാണ് ഒരു രോഗിക്ക് നഴ്സിനോട് ഇത്തരത്തിൽ പ്രവർത്തിക്കാൻ കഴിയുന്നതെന്നും നഴ്സ് ചോദിച്ചു. സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ സംഘർഷമുണ്ടായി. പൊലീസ് സ്ഥലത്തെത്തി ആരോപണ വിധേയനായ രോഗിയെ അറസ്റ്റ് ചെയ്തു. നേരത്തെ ആർ.ജി കർ മെഡിക്കൽ കോളേജിൽ ക്രൂരമായ ബലാത്സംഗത്തിനിരയായ പി.ജി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാർ വലിയ വിമ‍ർശനം നേരിടുകയും സംസ്ഥാനം വലിയ പ്രതിഷേധനങ്ങൾക്ക് സാക്ഷിയാവുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.