1,859.09 കോടി വരുമാനം, കേരളത്തിൽ ബിഎസ്എൻഎല്ലിന്‍റെ ലാഭകൊയ്ത്ത്! പോർട്ട് ചെയ്ത് വന്നവരുടെ എണ്ണവും ഞെട്ടിക്കും

1,859.09 കോടി വരുമാനം, കേരളത്തിൽ ബിഎസ്എൻഎല്ലിന്‍റെ ലാഭകൊയ്ത്ത്! പോർട്ട് ചെയ്ത് വന്നവരുടെ എണ്ണവും ഞെട്ടിക്കും


തിരുവനന്തപുരം: രജത ജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ മികച്ച പ്രകടനത്തിലൂടെ മുന്നേറുകയാണെന്ന് ചീഫ് ജനറല്‍ മാനേജര്‍ ബി സുനില്‍ കുമാര്‍. ബിഎസ്എന്‍എല്ലിന്റെ 25-ാം സ്ഥാപക വര്‍ഷത്തോടനുബന്ധിച്ച് കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഓഫീസില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) 1,859.09 കോടി രൂപ മൊത്ത വരുമാനം സൃഷ്ടിച്ച കേരള സര്‍ക്കിള്‍ 90 കോടി രൂപ ലാഭമാണ് നേടിയത്. 

2024-25 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദ വരുമാനം 512.11 കോടി രൂപ പിന്നിടുമ്പോള്‍ ഇതിനകം 63 കോടിയുടെ ലാഭമുണ്ടാക്കിയിട്ടുണ്ട്. നിരവധി വര്‍ഷങ്ങളിലെ നഷ്ടക്കണക്കുകള്‍ക്ക് ശേഷം തളരാത്ത തുടര്‍ശ്രമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണപിന്തുണയും കൊണ്ടാണ് ബി എസ് എന്‍ എല്‍ ലാഭത്തിലേക്ക് എത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബി എസ് എന്‍ എല്‍ കേരള സര്‍ക്കിള്‍, മൊബൈല്‍ ഉപഭോക്തൃ രജിസ്‌ട്രേഷനില്‍ വന്‍ കുതിച്ചു ചാട്ടമാണ് നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഉപഭോക്താക്കള്‍ കൂട്ടത്തോടെ ബി എസ് എന്‍ എല്‍ കണക്ഷനിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യുന്നു എന്നാണ് അധികൃതരുടെ കണക്ക്. ഒരു ബി എസ് എന്‍ എല്‍ മൊബൈല്‍ വരിക്കാരന്‍ വിട്ടു പോകുമ്പോള്‍ പുതുതായി മൂന്ന് പേര്‍ എത്തുന്നതായാണ് എറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2024 ജൂലൈ വരെ 90.63 ദശലക്ഷം മൊബൈല്‍ വരിക്കാരാണ് ബി എസ് എന്‍ എല്‍ തിരഞ്ഞെടുത്തത്. വര്‍ധിക്കുന്ന വരിക്കാര്‍ക്ക് തടസമില്ലാത്ത സേവനം ഉറപ്പാക്കാന്‍ ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ കേരളത്തിലുടനീളം 7000 4ജി ടവറുകള്‍ സ്ഥാപിക്കാന്‍ ബി എസ് എന്‍ എല്‍ ലക്ഷ്യമിടുന്നു, 2500 പുതിയ ടവറുകളിലൂടെ ഇതിനകം കേരളത്തിലുടനീളം 4ജി സേവനം ലഭ്യമാക്കി വരുന്നു. 2025 മാര്‍ച്ചോടെ എല്ലാ ടവറിലും 4ജി സേവനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.

വീടുകളിലേക്കുള്ള ഫൈബര്‍ കണക്ഷനിലും വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. വീടുകളിലേക്കുളള FTTH കണക്ഷനുകള്‍ ഈ വര്‍ഷത്തോടെ 6.7 ലക്ഷത്തിലെത്തി. ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഉപഭോക്താക്കളുടെ എണ്ണം 10 ലക്ഷത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. കൊച്ചി ലക്ഷദ്വീപ് ദ്വീപുകള്‍ (KLI) അന്തര്‍വാഹിനി OFC പ്രോജകറ്റിന്റെ ഭാഗമായി ലക്ഷദ്വീപിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നതിന് 1,891 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിച്ചു വരുന്നു. 12 ദ്വീപുകളില്‍ തടസ്സമില്ലാത്ത 4ജി സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി 6439 FTTH കണക്ഷനുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. സര്‍വത്ര വൈഫൈ റോമിംഗ് സേവനത്തിലൂടെ അധിക ചിലവും തടസവുമില്ലാതെ FTTH ഉപഭോക്താക്കള്‍ക്ക് രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭിക്കുവാനുള്ള പദ്ധതി നടപ്പാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് എവിടെയിരുന്നും സ്വന്തം യൂസര്‍ ഐഡി ഉപയോഗിച്ച് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാകും. വയര്‍ലൈന്‍ മേഖലയില്‍ 25.2 ശതമാനം വിപണി വിഹിതവും വയര്‍ലസ് മേഖലയില്‍ 21.19 ശതമാനം വിപണി വിഹിതവുമാണ് ബി എസ് എന്‍ എല്‍ കേരള സര്‍ക്കിളിനുള്ളത്.  

നിലവിലെ ലാന്‍ഡ് ലൈന്‍ നമ്പര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ സേവനത്തിലേക്ക് മാറ്റി ലാന്‍ഡ് ഫോണും വൈ ഫൈ സേവനവും ഒരുമിച്ച് ലഭ്യമാക്കാനുമുള്ള സൗകര്യം ബി എസ് എന്‍ എല്‍ ഒരുക്കിയിട്ടുണ്ട്. പഴയ ലാന്‍ഡ് ലൈന്‍ നമ്പര്‍ വിച്ഛേദിച്ചവര്‍ക്കും പഴയ നമ്പര്‍ ലഭ്യമാക്കി ഈ സേവനത്തിലേക്ക് മടങ്ങി വരാം. 199 രൂപ പ്രതിമാസ പ്ലാനില്‍ തുടങ്ങുന്ന പ്ലാനുകള്‍ ഇതിനായി ബി എസ് എന്‍ എല്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിലുടനീളം സ്ഥാപിച്ചിട്ടുള്ള 24,600 കിലോമീറ്ററിലധികം ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി നഗരഗ്രാമീണ മേഖലകളില്‍ അതിവേഗ എഫ്ടിടിഎച്ച്, മൊബൈല്‍ സേവനങ്ങള്‍ ഉറപ്പാക്കുന്നു.

വ്യാവസായങ്ങളെ ലക്ഷ്യമിട്ടുള്ള 5ജി ക്യാപ്റ്റീവ് നോണ്‍ പബ്ലിക് നെ്റ്റ് വര്‍ക്കും ബി എസ് എന്‍ എല്‍ പ്രദാനം ചെയ്യുന്നു. ഒരു പ്രത്യേക മേഖലക്കായി നല്‍കുന്ന 5ജി CNPN സുരക്ഷിതവും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ളതുമായ ഡേറ്റയും വയര്‍ലെസ് കമ്മ്യൂണിക്കേഷനും സാധ്യമാക്കുന്നു.  സി ഡാക്കിന്റെ സഹകരണത്തോടെ മധ്യപ്രദേശിലെ മൈനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുകയാണ്. വിവിധ വ്യാവസായിക പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അുയോജ്യമാണ് 5G CNPN.

FTTH, 4G, 5G എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഉറപ്പാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് ബി എസ് എന്‍ എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ബി സുനില്‍കുമാര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍മാരായ കെ സാജു ജോര്‍ജ്ജ്, പി ജി നിര്‍മ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.