ഒക്ടോബര്‍ 2 ഗാന്ധി ജയന്തി; രാഷ്ട്രപിതാവിന്റെ 155ാം ജന്മദിനം
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ 155ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് രാജ്യം. സത്യഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയല്‍ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് ദേശീയ തലത്തില്‍ നടക്കുക.
രാജ്ഘട്ടിലും, ഗാന്ധി സ്മൃതിയിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. ഗാന്ധിജിയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ എല്ലാം പത്യേക ആഘോഷങ്ങളും നടക്കും. സത്യഗ്രഹം സമരമാര്‍ഗമാക്കി. അഹിംസയില്‍ അടിയുറച്ചു വിശ്വസിച്ചു. ഗാന്ധിജിക്ക് ജീവിതം നിരന്തര സത്യാന്വേഷണത്തിനുള്ള യാത്രയായിരുന്നു. സത്യം, അഹിംസ, സമത്വം, സമാധാനം, ഐക്യം, സാഹോദര്യം എന്നിവ പ്രചരിപ്പിക്കാന്‍ ഗാന്ധിജി നിരന്തരം ശ്രമിച്ചു. വൈരുദ്ധ്യങ്ങളോട് നിരന്തരം സംവദിച്ചു. ഒരേസമയം വിശ്വാസിയായും യുക്തിചിന്തകനായും മതനിരപേക്ഷകനായും ജീവിച്ചു. പാരമ്പര്യത്തില്‍ ഉറച്ചുനിന്നപ്പോഴും ആധുനിക മൂല്യങ്ങളെ പൂര്‍ണമായും ഉള്‍ക്കൊണ്ടു.
ചമ്പാരന്‍ സത്യാഗ്രഹത്തിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി. 1930ലെ ദണ്ഡി മാര്‍ച്ചിന് നേതൃത്വം നല്‍കി. നിയമലംഘന പ്രസ്ഥാനത്തിലൂടെ സ്വാതന്ത്രസമരത്തെ കൂടുതല്‍ സജീവമാക്കി. ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്ന പല അനാചാരങ്ങള്‍ക്കെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചു. പുതിയ ലോകബോധവും ചിന്തയും ഉണ്ടാകുന്നതിന് അനുസരിച്ച് ഗാന്ധി സ്വയം പുതുക്കി. ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ നിന്നും സ്വാതന്ത്ര്യം നേടുകയെന്ന ലക്ഷ്യത്തോടെ ദേശീയ സ്വാതന്ത്രസമര പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ചു.
സ്വാതന്ത്ര്യാനന്തരം വിഭജനവും അതിന്റെ ഭാഗമായുള്ള വര്‍ഗിയ കലാപങ്ങളും രാജ്യത്ത് പടരുമ്പോള്‍ തെരുവുകള്‍ തോറും സമാധാനത്തിന്റെ ദൂതുമായി അലഞ്ഞ് ഇന്ത്യയെ ശാന്തമാക്കിയ ഗാന്ധി വിഭജനത്തിന്റെ മുറിവുകള്‍ക്ക് ഔഷധമായി കൂടി പ്രവര്‍ത്തിച്ചു. ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് പ്രസക്തി കൂടിവരുന്ന കാലത്താണ് ഒരു ഗാന്ധിജയന്തി കൂടി കടന്നുപോകുന്നത്