പുസ്തകോത്സവം ഒക്ടോബര്‍ 25 മുതല്‍ 28 വരെ കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍

പുസ്തകോത്സവം ഒക്ടോബര്‍ 25 മുതല്‍ 28 വരെ കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍



കണ്ണൂർ : ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പതിനെട്ടാമത് പുസ്തകോത്സവം ഒക്ടോബര്‍ 25 മുതല്‍ 28 വരെ കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ നടക്കുമെന്ന് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. കളക്ടറേറ്റ് മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ ഒക്ടോബർ 25 ന് വൈകുന്നേരം മൂന്നിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ.വി.ശിവദാസന്‍ എം.പി. അധ്യക്ഷത വഹിക്കും. കഥാകൃത്ത് ടി. പത്മനാഭന്‍ വിശിഷ്ടാതിഥിയാവും. മേയര്‍ മുസ്ലീഹ് മഠത്തില്‍, എം.എല്‍.എമാരായ കെ വി സുമേഷ്, കെ.പി. മോഹനന്‍, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.കെ. രത്‌നകുമാരി, പീപ്പിള്‍സ് മിഷന്‍ കണ്‍വീനര്‍ ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. തായാട്ട് ശങ്കരന്‍ ജന്മ ശതാബ്ദി അനുസ്മരണം ഡോ. കെ.പി.മോഹനന്‍ നടത്തും. കൂത്തുപറമ്പ് കാലാ നിലയത്തിന്റെ ‘മഞ്ജതര’ സ്വാഗതസംഗീത ശില്പം, തലശ്ശേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അവതരിപ്പിക്കുന്ന നൃത്തവിരുന്ന് എന്നിവ അരങ്ങേറും.

ഒക്ടോബര്‍ 26ന് രാവിലെ 11 ന് കഥാപ്രസംഗ കലയുടെ 100-ാം വാര്‍ഷികം പ്രമാണിച്ച് ‘കാഥികസംഗമം’ നടക്കും. പ്രൊഫ. വി. ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മുപ്പതോളം കാഥികര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം മൂന്നിന് ‘കുമാരനാശാന്‍ ചരമ ശതാബ്ദി വര്‍ഷം ഡോ. എം.എ. സിദ്ധിഖ് ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ. എം.വി. ജയരാജന്‍ മുഖ്യാതിഥിയാവും. തുടര്‍ന്ന് പയ്യന്നൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഒരുക്കുന്ന ‘ജാലകം’ സംഗീത ശില്പം അരങ്ങേറും.

ഒക്ടോബര്‍ 27 ന് രാവിലെ 9.30 ന് ഗ്രന്ഥാലോകം 75-ാം വാര്‍ഷിക സ്‌പെഷ്യല്‍ പതിപ്പിന്റെ പ്രകാശനം ഗ്രന്ഥാലോകം പത്രാധിപര്‍ പി.വി.കെ. പനയാല്‍ പ്രനിര്‍വ്വഹിക്കും. ഇ.പി.രാജഗോപാലന്‍ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ശേഷം മൂന്നിന് ‘സാഹിത്യ-കല-സമൂഹം’ – യുവപ്രതിഭാസംഗമം എസ്. സിത്താര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇരിട്ടി താലൂക്ക് അവതരിപ്പിക്കുന്ന നാടന്‍പാട്ട് ‘വലന്താളം’ നടക്കും.

ഒക്ടോബര്‍ 28ന് രാവിലെ 10.30ന് സമാപനസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം.മുകുന്ദന്‍ മുഖ്യാതിഥിയാവും. ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍, സിന്‍ഡിക്കേറ്റ് അംഗം എന്‍.സുകന്യ എന്നിവര്‍ വിശിഷ്ടാതിഥികളാകും. കരിവെള്ളൂര്‍ മുരളി തോപ്പില്‍ഭാസി അനുസ്മരണ പ്രഭാഷണം നടത്തും. ഇ.എം.അഷറഫ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിച്ച, കേരള സര്‍ക്കറിന്റെ മൂന്ന് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ എം.മുകുന്ദന്‍ അഭിനയിച്ച ‘ബോണ്‍ഴൂര്‍ മയ്യഴി’ എന്ന ഷോര്‍ട്ട്ഫിലിമും കലാപരിപാടിയും അരങ്ങേറും.

ഒക്ടോബര്‍ 25 ന് രാവിലെ ഒന്‍പത് മുതല്‍ പുസ്തക വില്‍പ്പന ആരംഭിക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എഴുപതിലേറെ പ്രസാധകര്‍, ആയിരത്തി ഇരുന്നൂറോളം ഗ്രന്ഥശാലകള്‍, ആയിരക്കണക്കിന് പുസ്‌തക പ്രേമികള്‍ എന്നിവർ പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍ സാഹിത്യ-സാംസ്‌കാരിക സദസ്സുകളും അരങ്ങേറും. 13 പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ രത്‌നകുമാരി പുസ്തകോത്സവം ബ്രോഷര്‍ പ്രകാശനം ചെയ്തു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍, സെക്രട്ടറി പി.കെ വിജയന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം.കെ രമേശ് കുമാര്‍, പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.കെ പത്മനാഭന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി വി.കെ പ്രകാശിനി, വൈസ് പ്രസിഡന്റ് ടി പ്രകാശന്‍, ജില്ലാ കൗണ്‍സില്‍ അംഗം പി.ജനാര്‍ദ്ദനന്‍, പ്രസ് ക്ലബ് പ്രസിഡന്റ് സി.സുനില്‍കുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ കെ.ടി.ശശി തുടങ്ങിയവര്‍ വർത്താസമ്മേളനത്തില്‍ പങ്കെടുത്തു