ആലപ്പുഴയില്‍ ബേക്കറി ഉടമയായ കണ്ണൂര്‍ സ്വദേശിയെത്തേടി വയനാട്ടില്‍ ഭാഗ്യദേവതയെത്തി! കേരളാ ഭാഗ്യക്കുറിയുടെ 25 കോടിയുടെ തിരുവോണം ബമ്പര്‍ വില്‍പ്പന നടത്തിയത് കര്‍ണാടകസ്വദേശി നാഗരാജ്

ആലപ്പുഴയില്‍ ബേക്കറി ഉടമയായ കണ്ണൂര്‍ സ്വദേശിയെത്തേടി വയനാട്ടില്‍ ഭാഗ്യദേവതയെത്തി! കേരളാ ഭാഗ്യക്കുറിയുടെ 25 കോടിയുടെ തിരുവോണം ബമ്പര്‍ വില്‍പ്പന നടത്തിയത് കര്‍ണാടകസ്വദേശി നാഗരാജ്



സുല്‍ത്താന്‍ ബത്തേരി: ആലപ്പുഴയില്‍ ബേക്കറി ഉടമയായ കണ്ണൂര്‍ സ്വദേശിയെത്തേടി വയനാട്ടില്‍ ഭാഗ്യദേവതയെത്തി! കേരളാ ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ (25 കോടി രൂപ) കണ്ണൂര്‍, പാനൂര്‍ പാറാട് സ്വദേശി ശ്യാം മൊട്ടേമ്മലിന്. ആലപ്പുഴയിലെ മാവേലി ബെസ്റ്റ് ബേക്കറി ഉടമയായ ശ്യാം വയനാട്ടിലെ ബന്ധുവീട്ടിലേക്കു പോകവേ സുല്‍ത്താന്‍ ബത്തേരി എന്‍.ജി.ആര്‍. ലോട്ടറീസില്‍നിന്നു വാങ്ങിയ ടി.ജി. 434222 ടിക്കറ്റിനാണ് കേരളം കണ്ണുംനട്ട് കാത്തിരുന്ന വമ്പന്‍സമ്മാനം.

വയനാട്, പനമരത്ത് എ.എം. ജിനീഷിന്റെ ഉടമസ്ഥതയിലുള്ള എസ്.ജെ. ഏജന്‍സിയില്‍നിന്നാണ് എന്‍.ജി.ആര്‍. ലോട്ടറീസ് ഉടമയായ സബ് ഏജന്റ് നാഗരാജു സമ്മാനാര്‍ഹമായ ടിക്കറ്റ് ഉള്‍പ്പെടെ വാങ്ങി വില്‍പ്പന നടത്തിയത്. 15 വര്‍ഷം മുമ്പാണു കര്‍ണാടക സ്വദേശിയായ നാഗരാജ് വയനാട്ടിലെത്തിയത്. നിരവധി ജോലികള്‍ ചെയ്ത നാഗരാജ് കഴിഞ്ഞ 10 വര്‍ഷമായി ലോട്ടറി വിറ്റുവരുന്നു.

തുടക്കത്തില്‍ ബത്തേരിയിലെ വിവിധ ലോട്ടറി കടകളില്‍ ജോലിക്കാരനായിരുന്നു. പിന്നീട് സുഹൃത്ത് പോക്കിയുമൊത്ത് രണ്ടുവര്‍ഷം ലോട്ടറി കട നടത്തി. പോക്കി വാഹനാപകടത്തില്‍ മരിച്ചശേഷം അഞ്ചുവര്‍ഷം മുമ്പാണു സുല്‍ത്താന്‍ ബത്തേരി എം.ജി. റോഡില്‍ എന്‍.ജി.ആര്‍. ലോട്ടറീസ് ആരംഭിച്ചത്. കഴിഞ്ഞ ജൂലൈയില്‍ നാഗരാജ് വിറ്റ ടിക്കറ്റിന് 75 ലക്ഷം രൂപ ഒന്നാംസമ്മാനം ലഭിച്ചിരുന്നു. സുല്‍ത്താന്‍ബത്തേരിക്കു സമീപം കുപ്പാടി പുതുച്ചോലയിലാണു നാഗരാജ് താമസിക്കുന്നത്. ഒരുകോടി രൂപയുടെ 10 രണ്ടാംസമ്മാനങ്ങളിലൊന്ന് ലഭിച്ചതും വയനാട്ടില്‍ വിറ്റ ടിക്കറ്റിനാണ്.