'ആ കോടീശ്വരൻ അൽത്താഫ്'; മലയാളി തിരഞ്ഞ മഹാഭാഗ്യശാലിയെ കണ്ടെത്തി, 25 കോടി അടിച്ചത് കര്‍ണാടക സ്വദേശിക്ക്

'ആ കോടീശ്വരൻ അൽത്താഫ്'; മലയാളി തിരഞ്ഞ മഹാഭാഗ്യശാലിയെ കണ്ടെത്തി, 25 കോടി അടിച്ചത് കര്‍ണാടക സ്വദേശിക്ക്


@ameen white



തിരുവനന്തപുരം: കേരളക്കരയുടെ കാത്തിരിപ്പിന് വിരാമമിട്ട് തിരുവോണം ബംപര്‍ ഭാഗ്യശാലിയെ കണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ് ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാ​ഗ്യശാലി. കര്‍ണാടകയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്.    TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട ് നിന്നും വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. 15 കൊല്ലമായി ടിക്കറ്റെടുക്കുന്നു, ഫുള്‍ ഹാപ്പി എന്ന് അല്‍ത്താഫ്  പ്രതികരിച്ചു. വയനാട്ടിലെ ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് അല്‍ത്താഫ് ഓണം ബംപറെടുത്തത്. ഒന്നാം സമ്മാനം തനിക്കാണെന്ന് ഇന്നലെ തന്നെ അറിഞ്ഞിരുന്നു എന്നും അല്‍ത്താഫ്. 

സുൽത്താൻ ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാ​ഗരാജ് ആണ് ടിക്കറ്റ് വിറ്റത്. ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമെന്നായിരുന്നു നാ​ഗരാജിന്റെ ആദ്യപ്രതികരണം. പനമരത്തെ എസ് ജെ ലക്കി സെന്‍ററില്‍ നിന്നുമാണ് നാഗരാജ് ടിക്കറ്റെടുത്തത്. ജിനീഷ് എ ആണ് എസ് ജെ ലക്കി സെന്‍ററിലെ ഏജന്‍റ്. ഏജന്‍സി കമ്മീഷനായി 2.5 കോടി രൂപയാണ് നാഗരാജിന് ലഭിക്കുക. 

ഓണ ബമ്പറിന്‍റെ രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക് ) ആണ്. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ, ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേര്‍ക്ക് വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതവും ലഭിക്കും. ഒന്‍പതു പേര്‍ക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക.