28 വര്‍ഷം കാത്തിരുന്നുണ്ടായ അഗസ്റ്റിനെ തനിച്ചാക്കി മാതാപിതാക്കള്‍ പോയി ; സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള വഴക്കില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു
പാലാ/കടനാട്: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കടനാട് കണങ്കൊമ്പില്‍ റോയി (60) യാണ് ഭാര്യ ജാന്‍സി (55) യെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. റോയിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലും ജാന്‍സിയുടെ മൃതദേഹം നിലത്ത് കമിഴ്ന്നുകിടക്കുന്ന നിലയിലുമാണു കണ്ടെത്തിയത്. ജാന്‍സിയുടെ വെപ്പുപല്ല് മുറിയില്‍ തെറിച്ചുകിടക്കുന്ന നിലയിലും കാണപ്പെട്ടു.
റോയിയുടെ ബന്ധു പറഞ്ഞച്ചതനുസരിച്ച് അയല്‍വാസികള്‍ ചെന്നു നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മേലുകാവ് പോലീസിനെ വിവരമറിയിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇവരുടെ ഏക മകന്‍ അഗസ്റ്റിന്‍ ഈ സമയം സ്‌കൂളിലായിരുന്നു. കടനാട് സെന്റ് മാത്യൂസ് എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് അഗസ്റ്റിന്‍.
പാലാ ഡിവൈ.എസ്.പി: കെ. സദന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും സയന്റിഫിക് വിദഗ്ധരും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. ദമ്പതികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്നും സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള വഴക്ക് പതിവായിരുന്നെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ 11.30 ന് തൊടുപുഴയിലുള്ള സഹോദരന്‍ സെബാസ്റ്റിയനെ വിളിച്ച് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പറഞ്ഞ ശേഷമാണ് റോയി തൂങ്ങിമരിച്ചതെന്നാണു സൂചന. മീനച്ചില്‍ കാരിക്കൊമ്പില്‍ കുടുംബാംഗമാണു ജാന്‍സി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ സംഭവത്തെക്കുറിച്ചുള്ള കൃത്യമായ സൂചനകള്‍ ലഭിക്കൂവെന്ന് പോലീസ് പറഞ്ഞു. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമായിരുന്നു ഇവരുടേത്.
ആറ്റുനോറ്റുണ്ടായ അഗസ്റ്റിനെ തനിച്ചാക്കി അമ്മയും അച്ഛനും മറഞ്ഞു. ഇനി ഈ പൈതലിന് ആര് എന്ന ചിന്ത മറ്റുള്ളവരുടെ മനസ് പൊള്ളിക്കുകയാണ്. വിവാഹം കഴിഞ്ഞ്, 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഉണ്ടായ പൊന്നുമോനെ തനിച്ചാക്കിയാണ് ഭാര്യ ജാന്‍സിയെ കൊലപ്പെടുത്തി കണങ്കൊമ്പില്‍ റോയി ഇന്നലെ മരണത്തെ പുല്‍കിയത്. അമ്മയെ കൂട്ടി അച്ഛന്‍ എവിടെയൊ യാത്ര പോയെന്നേ കുഞ്ഞഗസ്റ്റിന് അറിയൂ.
അച്ഛനും അമ്മയും ഇനിയില്ലെന്നു തിരിച്ചറിയാത്ത അഗസ്റ്റിന്‍ സ്‌കുളില്‍നിന്നു വന്നതു മുതല്‍ മീനച്ചിലിലുള്ള അമ്മയുടെ ബന്ധുക്കളുടെ സംരക്ഷണയിലാണ്. കാവുങ്കണ്ടത്തെ വീടും സ്ഥലവും വിറ്റ് കടബാധ്യതകള്‍ തീര്‍ത്തു സഹോദരങ്ങള്‍ താമസിക്കുന്ന ഇടുക്കി മരിയാപുരത്തേക്കു താമസം മാറാനുള്ള തീരുമാനം അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് റോയി ഭാര്യ ജാന്‍സിയെ കഴുത്തുഞെരിച്ച് കൊന്നു വീടിനുള്ളില്‍ തൂങ്ങിമരിച്ചതെന്നു പറയപ്പെടുന്നു. കര്‍ഷകകുടുംബാംഗമായ റോയിക്കു കൃഷിയോടൊപ്പം ഓഹരി വിപണിയില്‍ ഇടപാടുകളുണ്ടായിരുന്നു.
ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചു നഷ്ടം സംഭവിച്ചതിനെത്തുടര്‍ന്ന് അടുത്തിടെ ഭൂസ്വത്തുക്കളില്‍ ഒരു ഭാഗം വിറ്റ് കുറച്ചു കടബാധ്യതകള്‍ തീര്‍ത്തിരുന്നു. ബാക്കി സ്ഥലവും വീടും വിറ്റ് അവശേഷിക്കുന്ന ബാധ്യതകള്‍ തീര്‍ത്തു ഹൈറേഞ്ചിലേക്കു താമസം മാറാന്‍ റോയി ശ്രമിച്ചിരുന്നു.
ഭര്‍ത്താവിന്റെ ഈ തീരുമാനത്തിനു ജാന്‍സി എതിരായിരുന്നു. ഇതേച്ചൊല്ലി ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കവും കലഹവും നിലനിന്നിരുന്നതായും പറയപ്പെടുന്നു.ആലോചിച്ചുറപ്പിച്ചാണ് റോയി കടുത്ത തീരുമാനത്തിലേക്കെത്തിയതെന്നാണ് പോലീസ് നിഗമനം. ഇന്നലെ രാവിലെ പുറത്തുപോയ റോയി മദ്യവും പുതിയ കയറും വാങ്ങിയാണ് വീട്ടിലെത്തിയതെന്നും പറയപ്പെടുന്നു
.