ഒരു ബോട്ടിലിന് 40 രൂപ, കേരളം മാത്രമല്ല ലക്ഷ്യം; 9 മാസം കേടാകില്ല; ടെണ്ടർ കോക്കനട്ട് വാട്ടർ പുറത്തിറക്കി മിൽമ

ഒരു ബോട്ടിലിന് 40 രൂപ, കേരളം മാത്രമല്ല ലക്ഷ്യം; 9 മാസം കേടാകില്ല; ടെണ്ടർ കോക്കനട്ട് വാട്ടർ പുറത്തിറക്കി മിൽമ



തിരുവനന്തപുരം: കേരളത്തിന്‍റെ ക്ഷീരമേഖലയില്‍ ശ്രദ്ധേയ മുന്നേറ്റം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷീരമേഖലയുടെ ഉന്നമനത്തിന് മില്‍മ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷീരസംഘങ്ങള്‍ക്കായുള്ള ഏകീകൃത സംവിധാനമായ ക്ഷീരശ്രീ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഇതിനോടനുബന്ധിച്ച് മില്‍മയുടെ പുതിയ ഉത്പന്നങ്ങളായ കാഷ്യു വിറ്റ പൗഡര്‍, ടെണ്ടര്‍ കോക്കനട്ട് വാട്ടര്‍ എന്നിവയുടെ വിപണനോദ്ഘാടനവും ക്ഷീരവികസന വകുപ്പിന്‍റെ പ്രചരണ വീഡിയോ പ്രകാശനവും ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. കാഷ്യു വിറ്റ പൗഡര്‍ വി കെ പ്രശാന്ത് എംഎല്‍എയ്ക്കും ടെണ്ടര്‍ കോക്കനട്ട് വാട്ടര്‍ മില്‍മ ചെയര്‍മാന്‍ കെ എസ് മണിക്കും നല്കിയാണ് വിപണനോദ്ഘാടനം നിര്‍വഹിച്ചത്.

കര്‍ഷകര്‍ ക്ഷീരസംഘത്തില്‍ നൽകുന്ന പാലിന്‍റെ അളവിനും ഗുണനിലവാരത്തിനും അനുസൃതമായി കൃത്യമായ വില നൽകുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനമാണ് ക്ഷീരശ്രീ പോര്‍ട്ടലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവഴി നമ്മുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ കഴിയും. വിവര സാങ്കേതിക വിദ്യയുടെ ഫലപ്രദമായ പ്രയോഗത്തിലൂടെ ക്ഷീരവ്യവസായം ആയാസരഹിതമാക്കുന്നതിനും സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കുന്നതിനുമുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ക്ഷീരോത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാനായി കേരളം ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരമൊരു മാറ്റം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ നടപടികളുടെ ഫലമായി കേരളം പാലുത്പാദത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള പാതയിലാണ്. സംസ്ഥാനത്തൊട്ടാകെ വ്യാപിച്ചു കിടക്കുന്ന മില്‍മയുടെ കീഴിലുള്ള മൂവായിരത്തിയഞ്ഞൂറോളം വരുന്ന ക്ഷീരസഹകരണ സംഘങ്ങളുടെ സാന്നിദ്ധ്യമാണ് ഇതിന് ആധാരം. ക്ഷീരമേഖലയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നവയാണ് ക്ഷീരസഹകരണ സംഘങ്ങള്‍. ഇവയിലൂടെയാണ് ഗ്രാമീണ മേഖലയിലെ കര്‍ഷകരുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ക്ഷീരസഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഇ-ഗവേര്‍ണന്‍സിന്‍റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി ക്ഷീരമേഖലയുടെ ഉന്നമനം ലക്ഷ്യമാക്കി ക്ഷീരസംഘങ്ങള്‍ക്കായി തയ്യാറാക്കിയ 'ക്ഷീരശ്രീ'  വെബ്പോര്‍ട്ടല്‍ കേരളത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ പദ്ധതിയാണ്. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു പോര്‍ട്ടല്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ക്ഷീരവികസന വകുപ്പിന്‍റെ നിര്‍വഹണം നിലവില്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായിട്ടാണ് നടത്തുന്നത്. ക്ഷീര കര്‍ഷകര്‍ക്ക് മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, അക്ഷയ സെന്‍റര്‍ എന്നിവ വഴി ക്ഷീര വികസന വകുപ്പിന്‍റെ സേവനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതിനൊക്കെ പുറമെയാണ് ഇത്തരമൊരു പുതിയ സംവിധാനം കൂടി നിലവില്‍ വരുന്നത്.

ക്ഷീരസംഘങ്ങളിലെ കാലിത്തീറ്റ വില്‍പന, അക്കൗണ്ടിംഗ്, വിവിധ അപേക്ഷകളുടെ സമര്‍പ്പണം, ഗുണഭോക്താവിന്‍റെ പരാതി പരിഹാരം, ധനസഹായ വിതരണം തുടങ്ങിയ എല്ലാ നടപടികളും ക്ഷീരശ്രീ പോര്‍ട്ടല്‍ വഴി നടപ്പിലാക്കുക. ക്ഷീര വികസന വകുപ്പിന്‍റെ അഭിമാന പദ്ധതികളായ ക്ഷീരഗ്രാമം, മില്‍ക്ക് ഷെഡ് പദ്ധതി, പുല്‍കൃഷി വികസന പദ്ധതി എന്നിവയും ഈ പോര്‍ട്ടലിലൂടെ നടപ്പിലാക്കും.

'സ്മാര്‍ട്ട് ഡയറി' പോലുള്ള പദ്ധതികള്‍ക്ക് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. 2021-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മൃഗസംരക്ഷണ മേഖലയില്‍ 22 ഇന പരിപാടികളാണ് മുന്നോട്ട് വെച്ചത്. അവയില്‍ ഏറെയും ക്ഷീരോല്‍പ്പാദന മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന് മാതൃകയാകുന്ന രീതിയില്‍ ക്ഷീരമേഖലയുടെ വികസനത്തിനായി നൂതന പദ്ധതികള്‍ നടപ്പിലാക്കി മുന്നേറാന്‍ സംസ്ഥാന സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ടെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. 
കേരളത്തിലെ പത്തരലക്ഷത്തോളം വരുന്ന ക്ഷീരകര്‍ഷകരുടെ സ്വന്തം പ്രസ്ഥാനമാണ് മില്‍മ. കേരളത്തിലെ ക്ഷീരകര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പാലിന് സ്ഥായിയായ വിലയും വിപണിയും ഉറപ്പു വരുത്തുന്നതിനോടൊപ്പം വ്യത്യസ്തമായ ഉത്പന്നങ്ങളുടെ ഒരു ശ്രേണി തന്നെ മില്‍മ ഉപഭോക്താക്കള്‍ക്കായി നല്കുന്നുണ്ട്. വിപണിയിലെ മാറ്റങ്ങള്‍ക്കും ഉപഭോക്താക്കളുടെ അഭിരുചിയ്ക്കും അനുസൃതമായി മില്‍മ വിപണിയിലെത്തിക്കുന്ന പുതിയ ഉത്പന്നങ്ങളാണ് ടെണ്ടര്‍ കോക്കനട്ട് വാട്ടര്‍, കാഷ്യു വിറ്റ പൗഡര്‍ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ ക്ഷീരസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി പരിശോധിച്ച് സുതാര്യത ഉറപ്പു വരുത്താനും കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ സമയബന്ധിതമായി പരിഹരിക്കാനും ക്ഷീരശ്രീ പോര്‍ട്ടലിലൂടെ സാധിക്കും. ഇതിന്‍റെ അടുത്തഘട്ടം പൂര്‍ത്തിയാകുന്നതോടെ ക്ഷീരസംഘത്തിന്‍റെ പാല്‍ സംഭരണം, വിപണനം, കാലിത്തീറ്റ വില്പന, മറ്റ് ഉത്പന്നങ്ങളുടെ വില്പന, ലാഭനഷ്ട കണക്കുകളുടെ പരിശോധന, ക്ഷീരസംഘങ്ങളില്‍ അളക്കുന്ന പാലിന്‍റെ തൂക്കവും ഗുണനിലവാരം നിശ്ചയിക്കല്‍ എന്നിങ്ങനെയുള്ളവയെല്ലാം ഈ സോഫ്റ്റ് വെയറിലൂടെ നടപ്പിലാക്കാനാകും. ഉദ്യോഗസ്ഥര്‍ക്ക് എവിടെയിരുന്നും കര്‍ഷകരുടേയും സംഘങ്ങളുടേയും പരാതി പരിഹരിക്കാനും സേവനങ്ങള്‍ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും.

കേരളത്തിന്‍റെ മുഖമുദ്രയായ ഇളനീരിനെ കേരളത്തിനകത്തും അയല്‍ സംസ്ഥാനങ്ങളിലേക്കും അന്താരാഷ്ട്ര വിപണിയിലേക്കും എത്തിക്കുന്നത് ലക്ഷ്യം വച്ച് മില്‍മ അവതരിപ്പിക്കുന്ന ഉത്പന്നമാണ് മില്‍മ ടെണ്ടര്‍ കോക്കനട്ട് വാട്ടര്‍. യാത്രകളില്‍ ഉള്‍പ്പെടെ സൗകര്യപ്രദമായി എവിടെയും എപ്പോഴും ലഭ്യത ഉറപ്പുവരുത്താവുന്ന വിധത്തിലാണ് ഉത്പന്നം വിപണിയില്‍ ലഭ്യമാകുക. പ്രത്യേക സാങ്കേതികവിദ്യയുടെ മികവില്‍ മനുഷ്യ കരസ്പര്‍ശമേല്‍ക്കാതെ തയ്യാറാക്കുന്ന ടെണ്ടര്‍ കോക്കനട്ട് വാട്ടര്‍ ഒന്‍പത് മാസം വരെ കേടാകില്ല. 200 മില്ലി കുപ്പികളില്‍ ഇളനീരിന്‍റെ പോഷകമൂല്യങ്ങള്‍ ചോര്‍ന്നുപോകാതെ തയ്യാറാക്കിയിട്ടുള്ള ടെണ്ടര്‍ കോക്കനട്ട് വാട്ടറിന്‍റെ ഒരു ബോട്ടിലിന് 40 രൂപയാണ് വില.

കേരളത്തിന്‍റെ ഏറ്റവും മികച്ച കാര്‍ഷിക ഉത്പന്നങ്ങളിലൊന്നായ കശുവണ്ടിയില്‍ നിന്നും അന്താരാഷ്ട്ര വിപണി ലക്ഷ്യം വച്ച് അവതരിപ്പിക്കുന്ന ഉത്പന്നമാണ് മില്‍മ കാഷ്യു വിറ്റ പൗഡര്‍. പാലില്‍ ചേര്‍ത്ത് ഉപയോഗിക്കാവുന്ന മികച്ച ഒരു ഹെല്‍ത്ത് ഡ്രിങ്ക് ആണ് മില്‍മ കാഷ്യു വിറ്റ. അത്യാധുനിക പ്രോസസിങ് സാങ്കേതിക വിദ്യയുടെ മികവില്‍ ആറ് മാസം വരെ  പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാതെ തന്നെ കേടുകൂടാതെ ഇരിക്കുന്ന ഈ ഉത്പന്നം ചോക്ലേറ്റ്, പിസ്ത, വാനില എന്നീ ഫ്ളേവറുകളില്‍ 250 ഗ്രാം പാക്കറ്റുകളിലായാണ് ലഭിക്കുക. കാഷ്യു വിറ്റ ചോക്കലേറ്റിന്‍റെ ഒരു പാക്കറ്റിന് 460 രൂപയും പിസ്തയ്ക്ക് 325 രൂപയും വാനില ഫ്ളേവറിന് 260 രൂപയുമാണ് വില.

മില്‍മ ചെയര്‍മാന്‍ കെ. എസ് മണി മുഖ്യപ്രഭാഷണം നടത്തി. മൂന്ന് വര്‍ഷം തുടര്‍ച്ചയായി മികച്ച ക്ഷീര സഹകരണ സംഘത്തിനുള്ള ഗോപാല്‍രത്ന പുരസ്കാരം നേടിയതിലൂടെ രാജ്യത്തെ ക്ഷീരമേഖലയ്ക്ക് മാതൃകയാകാന്‍  സംസ്ഥാനത്തിന് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്‍റ് ഏജന്‍സി നടത്തിയ സര്‍വേ പ്രകാരം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാല്‍ ഗുണനിലവാരത്തില്‍ മില്‍മ ഒന്നാം സ്ഥാനത്താണ്. അണുവിമുക്തമായ പാലും കേരളത്തിന്‍റേതാണ്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഉത്പാദനക്ഷമതയില്‍ ഒന്നാമതെത്താന്‍ കേരളത്തിന് സാധിക്കും. കര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ പാല്‍വില നല്കുന്നതിനും സാധിച്ചിട്ടുണ്ട്. മില്‍മയുടെ മലബാര്‍ റീജിയണല്‍ യൂണിയന്‍ കന്നുകാലികളിലെ 8 രോഗങ്ങള്‍ക്കുള്ള ആയുര്‍വേദ മരുന്നുകള്‍ വികസിപ്പിച്ചെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ മന്‍കീ ബാത്തില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിച്ചത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി കെ. പ്രശാന്ത് എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ക്ഷീരവികസന വകുപ്പ് ഡയറക്ടറും മില്‍മ മാനേജിംഗ് ഡയറക്ടറുമായ ആസിഫ് കെ യൂസഫ് ഐഎഎസ് സ്വാഗതം ആശംസിച്ചു. ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി. പി ഉണ്ണികൃഷ്ണന്‍, തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ മണി വിശ്വനാഥ്, എറണാകുളം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ചെയര്‍മാന്‍ എം. ടി ജയന്‍, ക്ഷീരവികസന കോര്‍പ്പറേഷന്‍ ജോയിന്‍റ് ഡയറക്ടര്‍ (പ്ലാനിംഗ്) ശാലിനി ഗോപിനാഥ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.