തൊടുപുഴ: നാടിനെ നടുക്കിയ ചീനിക്കുഴി കൊലപാതകത്തിന്റെ വിചാരണ ഇന്ന് ആരംഭിക്കും. ചീനിക്കുഴി സ്വദേശി ആലിയക്കുന്നേല്‍ അബ്ദുള്‍ ഫൈസല്‍ ഭാര്യ ഷീബ മക്കളായ മെഹര്‍, അഫ്‌സാന എന്നിവരെയാണ് ഫൈസലിന്റെ പിതാവ് ചിറ്റപ്പന്‍ എന്ന് വിളിക്കുന്ന ഹമീദ് വീടിന് തീയിട്ട് കൊലപ്പെടുത്തിയത്. 2022 മാര്‍ച്ച്് 19 ന് പുലര്‍ച്ചെ 12:45നായിരുന്നു നാടിനെ നടുക്കിയ സംഭവം.
രക്ഷപ്പെടാനുളള മാര്‍ഗങ്ങളെല്ലാം തടസപ്പെടുത്തിയശേഷം കൃത്യമായ ആസൂത്രണത്തോടെയായിരുന്നു പ്രതി ഹമീദ് വീടി ന് തീയിട്ടത്. നാലുപേരെയും കിടപ്പുമുറിയിലെ ശൗചാലയത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തീപിടിച്ചതിനെത്തുടര്‍ന്ന് ഞെട്ടിയെഴുന്നേറ്റ കുട്ടികളിലൊരാള്‍ അയല്‍ക്കാരനെ ഫോണില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ഓടി വീട്ടിലെ ത്തിയപ്പോള്‍ പുറത്തുനിന്നും കുപ്പിയില്‍ പെട്രോള്‍ നിറച്ച് വീടിനകത്തേക്ക് ഹമീദ് എറിയുന്ന കാഴ്ചയാണ് കാണുന്നത്. അര്‍ധരാത്രി ഫൈസലും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ഹമീദ് വീട്ടിലെ ടാങ്കിലെ വെള്ളം മുഴുവന്‍ ഒഴുക്കി വിട്ടു. സമീപവീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിയും വിചേ്ഛദിച്ചു.
തുടര്‍ന്ന് കിടപ്പുമുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടിയശേഷം പുറത്തെത്തി രണ്ട് പെട്രോള്‍ കുപ്പികള്‍ തീകൊളുത്തി ജനല്‍വഴി അകത്തേക്ക് എറിഞ്ഞു. തീ ആളിക്കത്തിയതോടെ നിലവിളിച്ച് എഴുന്നേറ്റ ഫൈസലും കുടുംബവും മുറിയോട് ചേര്‍ന്ന ശുചിമുറിയില്‍ കയറി തീകെടുത്താന്‍ ശ്രമിച്ചെങ്കിലും വെള്ളമുണ്ടായിരുന്നില്ല. ഇതോടെ തീയില്‍ വെന്ത് മരിക്കുകയായിരുന്നു. ഇടുക്കി ജില്ലാ ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. കേസിലേക്കായി പ്രോസിക്യൂഷന്‍ മൊത്തം 125 സാക്ഷികളെയും 92 രേഖകളുമാണ് സമര്‍പ്പിച്ചിരിക്കുന്നത്.
വാദി ഭാഗത്തിന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സുനില്‍ കുമാറും പ്രതിഭാഗത്തിനുവേണ്ടി സീനിയര്‍ അഭിഭാഷകനായ അഡ്വ. സെബാസ്റ്റിയന്‍ കെ ജോസും അഡ്വ. അനില്‍ ടി.ജെ, അഡ്വ. സ്റ്റീഫന്‍ ജേക്കബ്, അഡ്വ. ടോണി റോയ് എന്നിവരുമാണ് ഹാജരാകുന്നത്. കുടുംബവഴക്കിനെത്തുടര്‍ന്നാണ് കൊലപാതകമെന്ന് വ്യക്തമാക്കിയ പോലീസ്, കൊലപാതകം ആസൂത്രിതമാണെന്ന നിഗമനത്തിലാണ്. നിര്‍ണായക സാക്ഷിമൊഴികള്‍ക്കും സാഹചര്യത്തെളിവുകള്‍ക്കും പുറമെ പ്രതി കുറ്റം സമ്മതിക്കുകകൂടി ചെയ്തതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.