'ഞാൻ സേഫാണ്'; അമ്മയ്ക്ക് ഇൻസ്‌റ്റഗ്രാം സന്ദേശം? തളിപ്പറമ്പിൽ കാണാതായ പതിനാലുകാരനായി വ്യാപക തിരച്ചിൽ


'ഞാൻ സേഫാണ്'; അമ്മയ്ക്ക് ഇൻസ്‌റ്റഗ്രാം സന്ദേശം? തളിപ്പറമ്പിൽ കാണാതായ പതിനാലുകാരനായി വ്യാപക തിരച്ചിൽ


കണ്ണൂർ: തളിപ്പറമ്പിൽ കഴിഞ്ഞ ദിവസം കാണാതായ സ്‌കൂൾ വിദ്യാർത്ഥി ആര്യന് വേണ്ടിയുള്ള അന്വേഷണം ഊർജിതമായി തുടരുന്നു. പൂക്കോത്ത് തെരു സ്വദേശിയായ പതിനാല് വയസുകാരൻ ആര്യനെയാണ് ഇന്നലെ മുതൽ കാണാതായത്. തളിപ്പറമ്പ് സാൻ ജോസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആര്യൻ വീട്ടിൽ എത്താൻ വൈകിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കാണാതായതാണെന്ന് മനസിലായത്.

കാണാതാകുന്ന സമയത്ത് സ്‌കൂൾ യൂണിഫോം ധരിച്ചായിരുന്നു ആര്യൻ ഉണ്ടായിരുന്നത്. കുട്ടിയുടെ കൈയിൽ സ്‌കൂൾ ബാഗ് ഉൾപ്പെടെ ഉണ്ടായിരുന്നു. സംഭവം അറിഞ്ഞതിന് പിന്നാലെ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടി വൈകീട്ട് നാലേമുക്കാലോടെ സഹപാടിയോടൊപ്പം ബക്കളത്തെ ജ്യൂസ് കടയിൽ എത്തിയതായി കണ്ടെത്തിയിരുന്നു.

സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇത് കണ്ടെത്തിയത്. സഹപാഠികളിൽ നിന്നുൾപ്പെടെ പോലീസ് വിവരം തേടിയിരുന്നു. മൊറാഴയിലെ മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് ആര്യൻ പറഞ്ഞതായാണ് സഹപാഠികൾ നൽകിയ മൊഴി. പോലീസിനൊപ്പം മൊറാഴയിലെ നാട്ടുകാർ ഉൾപ്പെടെ കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിലിൽ സഹകരിക്കുന്നുണ്ട്.

കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയോ കുട്ടിയെ കാണുകയോ ചെയ്യുന്നവർ തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലോ വിവരം അറിയിക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്. നിലവിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് പോലീസ് കുട്ടിയെ തേടി കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

അതിനിടെ കുട്ടിയുടെ മാതാവിന്റെ ഇൻസ്‌റ്റഗ്രാമിലേക്ക് കുട്ടിയുടെ സന്ദേശം എത്തിയതായും വിവരമുണ്ട്. താൻ സുരക്ഷിതൻ ആണെന്ന് കുട്ടി പറഞ്ഞതായാണ് കേരള കൗമുദി ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്. ഇംഗ്ലീഷിലാണ് സന്ദേശം എത്തിയതെന്നാണ് വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.