ന്യൂയോര്‍ക്ക്: ഞാന്‍ മരിച്ചയുടന്‍ സ്വര്‍ഗ്ഗത്തിലെത്തി. എന്റെ ബന്ധുക്കളെ അവിടെ കണ്ടു. പാതാളത്തിലേക്ക് നോക്കി നരകവും കണ്ടു.പതിനൊന്ന് മിനിട്ടിനു ശേഷം ദൈവം എന്നെ ഭൂമിയിലേക്ക് തിരിച്ചയച്ചു. മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച ശേഷം ജീവന്‍ കിട്ടിയ ഒരു അമേരിക്കന്‍ സ്ത്രീ പറയുന്നത് കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നും എന്നാല്‍ അവര്‍ ആണയിട്ട് പറയുന്നു ഇത് തന്റെ അനുഭവം തന്നെയാണെന്ന്.
അമേരിക്കയിലെ കന്‍സാസ് സ്വദേശിനിയായ ഷാര്‍ലറ്റ് ഹോംസ് എന്ന 68 കാരിയാണ് താന്‍ പരലോകം കണ്ട് തിരിച്ചെത്തി എന്ന വെളിപ്പെടുത്തല്‍ നടത്തിയത്. 2019 സെപ്്തബറിലാണ് അവര്‍ പതിവ് പരിശോധനകളുടെ ഭാഗമായി ഒരു കാര്‍ഡിയോളജിസ്ററിനെ കണ്ടത്. പരിശോധനയില്‍ രക്തസമ്മര്‍ദ്ദനിരക്ക് അസാധാരണമായി കണ്ടതിനെ തുടര്‍ന്ന് ഒരു പക്ഷെ പക്ഷാഘാതത്തിനോ ഹൃദയാഘാതത്തിനോ സാധ്യതയുള്ളതായി ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
തുടര്‍ന്ന് അബോധാവസ്ഥയിലായ ഷാര്‍ലറ്റ് മരിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു. അവരുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം അഞ്ച് മിനിട്ടോളം നിലച്ചതായിട്ടാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. എങ്കിലും ഹൃദയം പ്രവര്‍ത്തനക്ഷമമാക്കാന്‍ ഡോക്ടര്‍മാര്‍
കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് തനിക്ക് എന്താണ് സംഭവിച്ചത് എന്ന് പിന്നീട് ഷാര്‍ലറ്റ്ഹോംസ് വിശദീകരിക്കുന്നത്. തന്നെ ഒരു സംഘം മാലാഖമാര്‍ ആദ്യം സ്വര്‍ഗ കവാടത്തിലേക്ക് ആനയിച്ചു എന്നാണ് ഷാര്‍ലറ്റ്ഹോംസ് പറയുന്നത്.
ശരീരം വിട്ട് താന്‍ സഞ്ചരിക്കുന്നതായിട്ടാണ് അനുഭവപ്പെട്ടത് എന്നാണ് അവര്‍ നല്‍കുന്ന വിശദീകരണം. കൂടാതെ തന്റെ ശരീരത്തിന് ചുറ്റും ഡോക്ടര്‍മാരും നഴ്സുമാരും എല്ലാം എത്തി തന്നെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ തനിക്ക് നേരിട്ട് കാണാന്‍ കഴിഞ്ഞതായി അവര്‍ വെളിപ്പെടുത്തുന്നു. സ്വര്‍ഗത്തിലേക്കുള്ള യാത്രക്കിടെ തനിക്ക് ഏറ്റവും ഹൃദ്യമായ ഒരു സുഗന്ധം അനുഭവപ്പെട്ടു എന്നും പാട്ടുകളും ചുറ്റിനും മുഴങ്ങുന്നുണ്ടായിരുന്നു. പെട്ടെന്ന് കണ്ണ് തുറഞ്ഞ തനിക്ക് അത് സ്വര്‍ഗമാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു.
തനിക്ക് ഒട്ടും ഭയം തോന്നിയില്ലെന്നും സന്തോഷകരമായ അനുഭൂതിയാണ് അപ്പോള്‍ അനുഭവപ്പെട്ടതെന്നും ഷാര്‍ലറ്റ് പറയുന്നു. തന്റെ മരിച്ചു പോയ പല ബന്ധുക്കളേയും വിശുദ്ധന്‍മാരേയും അവിടെ കണ്ടുമുട്ടിയതായും അവര്‍ വ്യക്തമാക്കുന്നു. അവിടെ കണ്ട സ്വന്തം അച്ഛനും അമ്മയും സഹോദരിയും എല്ലാം വളരെ ചെറുപ്പക്കാരായി കാണപ്പെട്ടു എന്നാണ് ഷാര്‍ലറ്റ് നല്‍കുന്ന വിശദീകരണം. അവരാരും തന്നെ കണ്ണട പോലും ധരിച്ചിരുന്നില്ല. അവര്‍ ശക്തമായ പ്രകാശത്തിന്റെ പശ്ചാത്തലത്തിലാണ് നിന്നത് അത് കൊണ്ട് തന്നെ തനിക്ക് അവരെ വ്യക്തമായി കാണാന്‍ കഴിഞ്ഞില്ലെങ്കിലും ആരൊക്കെയാണെന്ന് ഉറപ്പായിരുന്നു.
തുടര്‍ന്ന് മറ്റൊരു ഇരുണ്ട ഭാഗത്തേക്കാണ് തന്നെ ദൈവം നയിച്ചത്. അവിടെ ചീഞ്ഞ മാംസത്തിന്റെ ദുര്‍ഗന്ധമാണ് തനിക്ക് അനുഭവപ്പെട്ടത്. അത് നരകമാണെന്ന് പെട്ടെന്ന് തന്നെ മനസിലായി. പല ഭാഗത്ത് നിന്നും അലര്‍ച്ചകളും കേള്‍ക്കുന്നുണ്ടായിരുന്നു എന്നും ഷാര്‍ലറ്റ് പറയുന്നു. പെട്ടന്നാണ് തന്റെ പിതാവിന്റെ ശബ്ദം കേള്‍ക്കുന്നത്. ഷാര്‍ലറ്റിന് ഭൂമിയിലേക്ക് ഇനി തിരികെ പോകാന്‍ സമയമായി എന്നായിരുന്നു പിതാവിന്റെ വാക്കുകള്‍. ജീവന്‍ തിരിച്ച് കിട്ടിയ താന്‍ രണ്ടാഴ്ച കൂടി ആശുപത്രിയില്‍ കഴിഞ്ഞിട്ട് വീട്ടിലേക്ക് മടങ്ങിയതായി ഷാര്‍ലറ്റ് പറയുന്നു.
മരണത്തിന്റെ വക്കിലെത്തിയ ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ പലരിലും ബെല്‍ജിയത്തിലെ ഒരു ആരോഗ്യ ഗവേഷണകേന്ദ്രം നടത്തിയ പരിശോധനയില്‍ ഇവര്‍ക്കെല്ലാം സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഷാര്‍ലറ്റ് മരിക്കുന്നത് വരെ തന്റെ ഈ അനുഭവം എല്ലാവരോടും പറയുമായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.