കൂട്ടുപുഴ ചെക്പോസ്റ്റിൽ എക്സൈസ് പ്രവൻ്റീവ് ഓഫീസറെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കഞ്ചാവുമായി പേരാവൂർ എക്‌സൈസിൻ്റെ പിടിയിൽ
പേരാവൂർ:കൂട്ടുപുഴ ചെക്പോസ്റ്റിൽ ജൂൺ എട്ടിന് വാഹനപരിശോധനയ്ക്കിടെ എക്സൈസ് പ്രിവന്റീവ് ഓഫീസറെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കഞ്ചാവുമായി പേരാവൂർ എക്സൈസിൻ്റെ പിടിയിലായി. കോഴിക്കോട് നോർത്ത് ബേപ്പൂരിൽ വലിയകത്ത് വീട്ടിൽ യാസർ അരാഫത്തിനെയാണ് നാലു ഗ്രാം കഞ്ചാവുമായി പേരാവൂർ എക്‌സൈസ് കാഞ്ഞിരപ്പുഴയിൽ നിന്ന് പിടികൂടിയത്.
പ്രിവൻ്റീവ് ഓഫീസറെ തട്ടിക്കൊണ്ടുപോയ കേസിൽ റിമാൻ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴാണ് കയ്യിൽ കരുതിയ കഞ്ചാവുമായി എക്സൈസിൻ്റെ പിടിയിലായത്. പേരാവൂർ റെയിഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ എൻ പത്മരാജൻ്റെ നേതൃത്വത്തിൽ വ്യാഴാഴ്ച പകൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു. റെയിഡിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വിജയൻ പി, സിവിൽ എക്‌സൈസ് ഓഫീസർ സുരേഷ് സി, എക്സൈസ് ഡ്രൈവർ ധനീഷ് സി എന്നിവർ പങ്കെടുത്തു