കഴിഞ്ഞ ദിവസം നറുക്കെടുത്ത ഓണം ബംപറിന്റെ ഒന്നാം സമ്മാനം നേടിയ മഹാഭാഗ്യവാന്‍ ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം മുഴുവന്‍. പനമരത്തെ എസ് ജെ ലക്കി സെന്റർ ഉടമ എ എം ജിനീഷ് സബ് ഏജന്റ് നാഗരാജു വഴി വിറ്റ ടി ജി 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. ഒരു മാസം മുമ്പാണ് ടിക്കറ്റ് വിറ്റതെങ്കിലും ആർക്കാണ് നല്‍കിയതെന്ന് ഓർമ്മയില്ലെന്നാണ് നാഗരാജു വ്യക്തമാക്കുന്നു.
മുന്‍കാല ലോട്ടറി ജേതാക്കള്‍ക്ക് ജനങ്ങളില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ തിരുവോണം ബംപർ ജേതാവും പുറത്ത് വരുമോയെന്ന കാര്യത്തില്‍ ഉറപ്പൊന്നും ഇല്ല. ജേതാവിന്റെ താല്‍പര്യം അനുസരിച്ച് പേര് വിവരങ്ങള്‍ ലോട്ടറി വകുപ്പ് രഹസ്യമാക്കി വെക്കുകയും ചെയ്യും.
ലോട്ടറി അടിക്കുന്നത് ഒരു കോടിയാണെങ്കിലും 25 കോടിയാണെങ്കിലും അത് എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണ് കാര്യം. ചിലർ തങ്ങള്‍ക്ക് കിട്ടിയ ഭാഗ്യത്തെ ശരിയായ രീതിയില്‍ ഉപയോഗിച്ച് കൂടുതല്‍ ധനികരാകുമ്പോള്‍ വലിയ പണം വന്ന് ചേർന്നിട്ടും കടത്തിലേക്ക് നീങ്ങുന്നുവരുണ്ട്. അത്തരമൊരും ബംപർ ജേതാവ് മലപ്പുറത്തുണ്ട്.
ആറ് വർഷം മുന്‍പത്തെ തിരുവോണം ബംപർ ലോട്ടറി അടിച്ചത് മലപ്പുറം സ്വദേശിക്കായിരുന്നു. പത്ത് കോടി രൂപയായിരുന്നു അന്ന് ഒന്നാം സമ്മാനം. നികുതിയെല്ലാം കഴിച്ച് വലിയൊരു തുക കയ്യില്‍ കിട്ടിയിട്ടും വലിയ കടത്തിലേക്ക് പിന്നീട് ഇദ്ദേഹത്തിന് പോകേണ്ടി വന്നത്. പത്ത് കോടി മാത്രമല്ല, 25 ലക്ഷം, 5 ലക്ഷം തുടങ്ങിയ ഒട്ടേറെ സമ്മാനങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
തിരുവോണം ബംപർ സമ്മാനത്തുക ആദ്യമായി പത്ത് കോടിയായി ഉയർത്തിയ സമയത്തായിരുന്നു ഇദ്ദേഹത്തിന് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാല്‍ പിന്നീട് കടം തീർക്കാനായി വീട്ടില്‍ സ്ഥാപിച്ച ഏസിയും കട്ടിലയും ജനലുമെല്ലാം അഴിച്ചു വില്‍ക്കേണ്ടി വന്നു. എന്താണ് സംഭവിച്ചത് കഴിഞ്ഞ വർഷം ഒരു ന്യൂസ് ചാനലിനോട് നിർഭാഗ്യവാനായ ഈ ജേതാവ് തന്നെ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.
ഞാൻ പണമൊന്നും നശിപ്പിച്ച് കളഞ്ഞിട്ടില്ല. മക്കൾക്കും മരുമക്കൾക്കും വീതിച്ച് കൊടുത്തു. മുതലകളെല്ലാം അവരെടുത്തു. ആറ് റൂമില്‍ ആറ് എസി, ഡൈനിങ് ഹാളില്‍ സോഫ തുടങ്ങിയ എല്ലാ കാര്യങ്ങളും ഉണ്ടായിരുന്നു. അങ്ങനെ പണമെല്ലാം തീർന്നപ്പോഴാണ് സാധനങ്ങള്‍ അഴിച്ച് വില്‍ക്കേണ്ട ഗതിയിലായത്.
പലതവണ ലോട്ടറി അടിച്ചിരുന്നു. അന്ന് ഭാര്യയും മക്കളുമെല്ലാം ഉണ്ടായിരുന്നു. അതിന് ശേഷമാണ് അവർ പോയത്. ലോട്ടറി അടിച്ചതുകൊണ്ട് മാത്രം ഭാഗ്യം ഉണ്ടാകണമെന്നില്ല. ലോട്ടറി അടിച്ചതിന് പിന്നാലെ ചിലരൊക്കെ കച്ചവട നിർദ്ദേശങ്ങളുമൊക്കെയായി വന്നിരുന്നു. ഏതാനും പൈസ അങ്ങനെയൊക്കെ പോയെന്നും അദ്ദേഹം പറഞ്ഞു.