ഇത്തവണ 'കേരളീയം' ഇല്ല; തീരുമാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്
തിരുവനന്തപുരം: ഇത്തവണ കേരളീയം പരിപാടി സംഘടിപ്പിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സർക്കാരിനെ പിന്നോട്ട് വലിച്ചത്.
ചൂരൽമല ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പരിപാടി ഒഴിവാക്കുന്നുവെന്നാണ് സർക്കാർ വിശദീകരണം. കഴിഞ്ഞ തവണ കേരളിയം പരിപാടിയുമായി ബന്ധപ്പെട്ട് സർക്കാർ വിമർശനം നേരിട്ടിരുന്നു.
കഴിഞ്ഞ തവണ നവംബറിലാണ് കേരളീയം പരിപാടി നടന്നത്. ഇത്തവണ ആദ്യം ഡിസംബറിലേക്ക് മാറ്റുകയും, പിന്നീട് ജനുവരിലേക്ക് തീരുമാനിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് പരിപാടി പൂർണ്ണമായും ഒഴിവാക്കിയതായുള്ള വിവരം പുറത്തുവരുന്നത്.
അതിനിടെ 2023ലെ കേരളീയം പരിപാടിക്ക് വേണ്ടി ആകെ അഞ്ചരക്കോടിയോളം രൂപ സര്‍ക്കാര്‍ ചെലവഴിച്ചുവെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ആകെ 5,68,25,000 രൂപയാണ് കേരളീയം പരിപാടിക്ക് വേണ്ടി ടൂറിസം വകുപ്പ് ചെലവഴിച്ചത്.
കേരളീയത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി 2023 ഒക്ടോബര്‍ 26ന് ന്യൂയോര്‍ക്ക് ടൈം സ്‌ക്വയറില്‍ വീഡിയോ, പോസ്റ്റര്‍ പ്രചരണത്തിന് വേണ്ടി മാത്രം 8.29 ലക്ഷം ടൂറിസം വകുപ്പ് ചെലവാക്കിയിട്ടുണ്ട്.
പരിപാടിയുടെ പരസ്യത്തിന് വേണ്ടി മാത്രം 25 ലക്ഷം രൂപ ചെലവാക്കി. നടത്തിപ്പിന് വേണ്ടി ആകെ 5,13,25,000 രൂപയാണ് ചെലവാക്കേണ്ടി വന്നത്. ഇതുകൂടാതെ വിവിധ ഇനത്തില്‍ 4,63,16,525 കോടി രൂപ വിവിധ ഏജന്‍സികള്‍ക്ക് കൊടുക്കാനുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.