ഇന്ത്യയ്ക്ക് പകരം ഭാരത്; പുതിയ ലോഗോ അവതരിപ്പിച്ച് ബിഎസ്എൻഎൽ


ഇന്ത്യയ്ക്ക് പകരം ഭാരത്; പുതിയ ലോഗോ അവതരിപ്പിച്ച് ബിഎസ്എൻഎൽ


ന്യൂഡൽഹി > ഇന്ത്യയെ വെട്ടി ഭാരതമെന്നാക്കി പൊതുമേഖല സ്ഥാപനമായ ഭാരത് സഞ്ചാർ നി​ഗം ലിമിറ്റഡിന്റെ (ബിഎസ്എൻഎൽ) പുതിയ ലോ​ഗോ.ലോ​ഗോയുടെ നിറവും മാറ്റിയിട്ടുണ്ട്. പഴയ ലോ​ഗോയിലെ നീല, ചുവപ്പ് നിറങ്ങൾ ഒഴിവാക്കി. പകരം കാവി, വെള്ള, പച്ച നിറങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഭൂപടവും ലോ​ഗോയിലുണ്ട്. കണക്ടിങ് ഇന്ത്യ എന്നത് കണക്ടിങ് ഭാരത് എന്നും മാറ്റിയിട്ടുണ്ട്.

ലോ​ഗോ മാറ്റിയതിനൊപ്പം പുതിയ ഏഴ് സർവീസുകളും അവതരിപ്പിച്ചിട്ടുണ്ട്. സ്പാം കോളുകളെ ബ്ലോക്ക് ചെയ്യുക, വൈഫൈ റോമിങ് അടക്കമുള്ളവ പുതിയ സൗകര്യങ്ങളിൽപ്പെടുന്നു. ഉപഭോക്താക്കൾക്ക് എവിടെ നിന്നും സിം എടുക്കുന്നതിനായി എനി ടൈം സിം കിയോസ്ക്കുകൾ, എസ്എംഎസ് സർവീസിനായി സാറ്റലൈറ്റ് ടു ഡിവൈസ് കണക്ടിവിറ്റി എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യവ്യാപകമായി 4ജി സേവനങ്ങൾ വ്യാപിപ്പിക്കുകയും സ്വകാര്യ ടെലികോം ഓപറേറ്റർമാർ നിരക്ക് കൂട്ടുകയും ചെയ്തതോടെ ബിഎസ്എൻഎല്ലിന് ഉപഭോക്താക്കൾ കൂടിയിരുന്നു. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഡൽഹിയിലെ ബിഎസ്എൻഎൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പുതിയ ലോഗോ അനാച്ഛാദനം ചെയ്തത്.

രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെയടക്കം കാവിവൽക്കരിക്കുന്നതിന്റെ ഭാ​ഗമായാണ് ബിഎസ്എൻഎല്ലിന്റെ ലോ​ഗോയിലും മാറ്റമുണ്ടാക്കിയത്. പല ഇടങ്ങളിൽ നിന്നും ഇന്ത്യ എന്ന പേരുമാറ്റി ഭാരതം എന്നാക്കിയിരുന്നു. മുമ്പ് ദൂരദർശൻ ലോ​ഗോയിലെ ചുവപ്പ് ഒഴിവാക്കി കാവിയാക്കിയതും ജി20 ക്ഷണക്കത്തിൽ ഭാരതെന്നാക്കിയതും വിവാദമായിരുന്നു. ഇന്ത്യൻ ടീമിന്റെ ജേഴ്സിയിലടക്കം കേന്ദ്രം കാവിവൽക്കരണം നടത്തിയിരുന്നു. കൊളോണിയൽ പാരമ്പര്യത്തിൽ നിന്നുള്ള മാറ്റം എന്നു പറഞ്ഞ് പുരാതന ന​ഗരങ്ങളുടേതടക്കം പേരുകളെ ഹിന്ദുത്വ വൽക്കരിക്കുന്നതിനു പിന്നാലെയാണ് പൊതുമേഖല സ്ഥാപനങ്ങളിലും കേന്ദ്രം കാവി വൽക്കരണം നടപ്പാക്കുന്നത്.