ആലപ്പുഴ: വിസ തട്ടിപ്പിനിരയായി ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 10 മണിയോടെ വൻ ജനാവലിയുടെ സാനിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. എടത്വ എസ് ഐ ആർ രാജേഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. തലവടി മാളിയേക്കൽ ശരണ്യ(34)യാണ് പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചത്.
സംഭവത്തെ തുടർന്ന് ശരണ്യയുടെ ഭർത്താവ് അരുണും കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിലൂടെയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. വിദേശത്ത് ജോലിനോക്കി വരുകയായിരുന്ന ശരണ്യ നാട്ടിലെത്തിയ ശേഷം പുതിയ വിസയിൽ വിദേശത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യക്തിയ്ക്ക് വിസയ്ക്കും വിമാന യാത്രാ ടിക്കറ്റിനുള്ള പണം കൈമാറിയിരുന്നതായി നാട്ടുകാർ പറയുന്നു.
വിദേശത്തേയ്ക്ക് പോകാനുള്ള വസ്ത്രങ്ങൾ വരെ പാക്ക് ചെയ്ത ശേഷമാണ് വിസ തട്ടിപ്പ് അറിയുന്നത്. ഇതിൽ മനംനൊന്ത ശരണ്യ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. നാട്ടുകാർ ശരണ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽനിന്ന് ആത്മഹത്യകുറിപ്പും ഇവരുടെ ഫോണും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശരണ്യയുടെ ആത്മഹത്യയറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനിടെ ഭർത്താവ് വീടിനുള്ളിൽക്കടന്ന് വാതിൽ പൂട്ടിയശേഷം കഴുത്തിൽ കുടുക്കിട്ട് തൂങ്ങിമരിക്കാൻ ശ്രമിച്ചിരുന്നു.
നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ തന്നെ വീടിന്‍റെ വാതിൽ തകർത്ത് അകത്തു കടന്ന ശേഷം കുടുക്കറുത്തു മാറ്റി അരുണിനെ ആശുപത്രിയിലെത്തിച്ചതിനാൽ രക്ഷപ്പെട്ടു. ഏഴ് വർഷം മുമ്പാണ് ശരണ്യയും അരുണും വിവാഹിതരായത്. ഇവർക്ക് കുട്ടികളില്ല. തട്ടിപ്പ് നടത്തിയ ഏജന്റിനെ പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.