ഭാര്യയോടൊപ്പമെത്തി വട്ടപ്പാറയിൽ വാടക വീടെടുത്ത് ദിവസങ്ങൾ മാത്രം, ആർക്കും സംശയം തോന്നിയില്ല, പണി കഞ്ചാവ് വിൽപന

ഭാര്യയോടൊപ്പമെത്തി വട്ടപ്പാറയിൽ വാടക വീടെടുത്ത് ദിവസങ്ങൾ മാത്രം, ആർക്കും സംശയം തോന്നിയില്ല, പണി കഞ്ചാവ് വിൽപന


കോഴിക്കോട്: അതിഥി തൊഴിലാളി കഞ്ചാവു വില്‍പനക്കിടെ പൊലീസിന്റെ പിടിയില്‍. പശ്ചിമ ബംഗാള്‍ മാള്‍ട്ട സ്വദേശി മനാറുല്‍ ഹുസൈന്‍(24) ആണ് കൊടുവള്ളി പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ കെപി അഭിലാണ് നടത്തിയ നീക്കത്തിലാണ് കഞ്ചാവ് വില്‍പന നടത്തുന്നതിനിടയില്‍ ഹുസൈന്‍ വലയിലായത്. തുടര്‍ന്ന് ഇയാളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഒരു കിലോഗ്രാം കഞ്ചാവ് കൂടി പിടികൂടുകയായിരുന്നു.

വട്ടപ്പാറ പൊയിലിലെ വാടക വീട്ടില്‍ ഇയാള്‍ കുടുംബ സമേതമാണ് താമസിച്ചിരുന്നത്. വില്‍പ്പന ലക്ഷ്യമിട്ട് ചെറിയ പായ്ക്കറ്റുള്ളായി സൂക്ഷിച്ചതായിരുന്നു കഞ്ചാവ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി വില്‍പ്പന നടത്തുന്നതായിരുന്നു ഇയാളുടെ പ്രധാന രീതിയെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് 24കാരനായ  ഭാര്യയും കുട്ടിയുമടക്കം ഇയാള്‍ വട്ടപ്പാറയിലെ പുതിയ താമസ സ്ഥലത്തെത്തിയത്. മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ പ്രതിയെ റിമാൻ‍ഡ് ചെയ്തു.