ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിന് തീപിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല
ആലപ്പുഴ: ആലപ്പുഴ പള്ളാത്തുരുത്തിയിൽ ഹൗസ് ബോട്ടിനു തീപിടിച്ചു. വിനോദ സഞ്ചാരികള്‍ കയറിയിരുന്ന ലേക്ക് ഹോം എന്ന് ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്. തീപിടിത്തത്തിൽ ബോട്ട് പൂർണമായി കത്തിനശിച്ചു. ബോട്ടിന് തീപിടിച്ചെങ്കിലും ബോട്ടിലുണ്ടായിരുന്നവരെ സുരക്ഷിതമായി മാറ്റി. ആളപായമില്ല. സംഭവം നടക്കുമ്പോള്‍ ആറ് ഉത്തരേന്ത്യൻ ടൂറിസ്റ്റുകളായിരുന്നു ബോട്ടിലുണ്ടായിരുന്നത്.
കായലിലൂടെയുള്ള യാത്രക്കിടെ കരയോട് ചേര്‍ന്ന് ഹൗസ് ബോട്ട് കെട്ടിയിട്ടിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായത്. ഇതിനാൽ പുക ഉയര്‍ന്നപ്പോള്‍ തന്നെ ബോട്ടിലുണ്ടായിരുന്നവരെ വേഗത്തിൽ പുറത്തെത്തിക്കാനായി. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണണമെന്നാണ് പ്രാഥമിക നിഗമനം.