@ameen white
തിരുവനന്തപുരം: പി പി ദിവ്യയെ ദാവൂദ് ഇബ്രാഹിമിനേക്കാള്‍ വലിയ കുറ്റവാളിയായി മാദ്ധ്യമങ്ങള്‍ ചിത്രീകരിച്ചെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. മാദ്ധ്യമങ്ങളുടേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്.
'പിപി ദിവ്യയുടെ ഭാഗത്തുനിന്നുള്ള വാക്കുകളൊന്നും ശരിയല്ലെന്ന് പറഞ്ഞു. കഴിഞ്ഞൊരു രണ്ടാഴ്ചയായിട്ട് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ എത്രത്തോളം എയര്‍ ടൈമും മഷിയും പിപി ദിവ്യയ്ക്ക് നല്‍കി. പി പി ദിവ്യ ദാവൂദ് ഇബ്രാഹിമിനേക്കാള്‍ വലയൊരു കുറ്റവാളിയാണെന്ന ഇംപ്രഷന്‍ സൃഷ്ടിക്കുന്ന മാദ്ധ്യമ പ്രക്ഷാളനമല്ലേ നടന്നത്. ഈയൊരു സംഭവമങ്ങ് മാറ്റിവച്ചാല്‍, പി പി ദിവ്യ നല്ല ഊര്‍ജസ്വലയായിട്ടുള്ള യുവ നേതാവല്ലേ. എസ് എഫ് ഐയുടെ കരുത്തുള്ള ഒരു നേതാവായിരുന്നില്ലേ. സാധാരണ കുടുംബത്തില്‍ നിന്ന് വന്ന്, നേതൃപദവിയിലേക്ക് ഉയര്‍ന്നയാളല്ലേ. നേതൃശേഷി പ്രകടിപ്പിച്ചയാളല്ലേ.ഏറ്റവും നല്ല ജില്ലാ പഞ്ചായത്തിന്റെ അവാര്‍ഡ് വാങ്ങിയ ആളല്ലേ. കോളേജ് ചെയര്‍മാനായി. എവിടെയാണ് അവരെക്കുറിച്ചൊരു മോശം. പക്ഷേ ഇന്ന് അവരുടെ ഇത്രയും കാലത്തെ രാഷ്ട്രീയത്തെ മുഴുവന്‍ കറുപ്പടിച്ച് വിട്ടില്ലേ. നീതിയാണോ? അവരുടെ ഈ പ്രവൃത്തി നീതിന്യായ മാര്‍ഗങ്ങളിലൂടെ പരിശോധിക്കപ്പെടട്ടേ. കുറ്റവാളിയാണെങ്കില്‍ തൂക്കിലേറ്റപ്പെടട്ടേ. അതാണോ നമ്മള്‍ ചെയ്തത്.
പ്രിയങ്ക ഗാന്ധിയുടെ നോമിനേഷനുമായി ബന്ധപ്പെട്ട ഒരു കാര്യം പറയാം. എന്ത് ആവേശപൂര്‍വമാണ് പ്രിയങ്ക ധരിച്ച സാരിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. എന്ത് ആവേശപൂര്‍വമാണ് ഇന്ദിര പ്രിയദര്‍ശിനി വീണ്ടും വരുന്നെന്ന് പറഞ്ഞത്. ഇതാണോ മാദ്ധ്യമപ്രവര്‍ത്തനം? ഈ ഇരട്ടത്താപ്പിനെയാണോ നമ്മള്‍ സ്വതന്ത മാധ്യമപ്രവര്‍ത്തനമെന്ന് പറയുന്നത്? ഇതാണോ നിഷ്പക്ഷമായ മാധ്യമപ്രവര്‍ത്തനം. ഇത് വളരെ പക്ഷപാതിത്വപരമായ മാധ്യമപ്രവര്‍ത്തനമല്ലേ.'- ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.