കൊച്ചി: ക്രിപ്റ്റോ കറൻസി നൽകാമെന്ന് പറഞ്ഞ് 6.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തമിഴ്നാട് ചെന്നൈ സ്വദേശി എംജിആർ നഗർ ജീവാനന്ദം സ്ട്രീറ്റിൽ നവീനാണ് അറസ്റ്റിൽ ആയത്. ടെലഗ്രാം വഴി പരിചയപ്പെട്ട് യുഎസ് ഡിറ്റിപിടിപി എന്ന ടെലഗ്രാം ഗ്രൂപ്പിൽ ക്രിപ്റ്റോ കറൻസി വിൽക്കാനുണ്ട് എന്ന് കാണിച്ചുകൊണ്ട് പരസ്യം ഇടുകയും പിന്നീട് വാട്സ്ആപ്പ് വഴിയും മൊബൈൽ ഫോൺ വഴിയും പ്രതികൾ പരാതിക്കാരനുമായി ബന്ധപ്പെടുകയും ചെയ്തു.
തുടര്‍ന്ന് ആഴ്ചകളോളം സംസാരിച്ച് വിശ്വാസ്യത പിടിച്ചുപറ്റിയതിനു ശേഷം ക്രിപ്റ്റോ കറൻസി ലഭിക്കുന്നതിനായി പ്രതികൾ അക്കൗണ്ട് നമ്പറുകൾ അയച്ചുകൊടുത്തു. കൂടുതൽ വിശ്വാസ്യത ലഭിക്കുന്നതിനായി ചെന്നൈയിൽ നിന്നും നവീൻ എന്ന ജീവനക്കാരനെ ബസ് ടിക്കറ്റ് എടുത്ത് നൽകി കൊച്ചിയിലേക്ക് അയക്കാൻ ശ്രമിച്ചെന്ന് വരുത്തി. തുടര്‍ന്ന് കൊച്ചിയിലേക്കുള്ള ബസ് മിസ്സ് ആയതിനാൽ ചെന്നൈയിൽ നിന്നും നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്യുകയും അതിന്റെ കോപ്പി പരാതിക്കാരന് നൽകുകയും ചെയ്തു.
ഇന്നലെ ജീവനക്കാരൻ കൊച്ചിയിൽ എത്തിച്ച് പരാതിക്കാരനുമായി സംസാരിച്ചു. വിശ്വാസ്യത പിടിച്ചുപറ്റിയ ശേഷം നവീൻ ചെന്നൈയിലുള്ളത് സഹോദരനാണെന്നും പണം അവർ പറഞ്ഞ അക്കൗണ്ടിലേക്ക് ധൈര്യമായി ഇട്ടുകൊള്ളാൻ പറയുകയും ചെയ്തു. തുടര്‍ന്നാണ് പരാതിക്കാരൻ ആറരലക്ഷം രൂപ ഓൺലൈനായി അയച്ചുകൊടുത്തത്.
ഒരു മണിക്കൂറിനകം ക്രിപ്റ്റോ കറൻസി ലഭിക്കും എന്നും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞും ക്രിപ്റ്റോ കറൻസി ലഭിക്കാത്തതിനെ തുടർന്ന് പ്രതികളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിയിരുന്നു. സംശയം തോന്നി തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മട്ടാഞ്ചേരി എസിപി കിരൺ പി ബി ഐപിഎസ് നിർദ്ദേശാനുസരണം തോപ്പുംപടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സഞ്ജയ് സിറ്റി എസ് ഐ ഷാബി സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉണ്ണി ദിലീപ് എ എസ് ഐ രൂപേഷ് വിപിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്