ബംഗളൂരു: ആനേക്കലിൽ നവജാത ശിശുവിനെ വിജന സ്ഥലത്ത് ജീവനോടെ മണ്ണുമാന്തി മൂടിയ നിലയിൽ കണ്ടെത്തി. ആനേക്കൽ താലൂക്കിലെ കത്രിഗുപ്പെദിനെ ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് നാട്ടുകാർ പരിസരത്ത് നടത്തിയ പരിശോധനയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തക്ക സമയത്ത് കണ്ടെത്തിയതിനാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു.
നാട്ടുകാർ ജില്ല ശിശു സംരക്ഷണ ഓഫിസറെ അറിയിച്ചതിനെത്തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ എച്ച്.കെ. ആശയുടെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി കുട്ടിയെ ഏറ്റുവാങ്ങി. നിസ്സാര പരിക്കേറ്റ ശിശു ദോമ്മസാന്ദ്ര ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. സുഖം പ്രാപിച്ചുവരുകയാണെന്ന് സർജാപൂർ പൊലീസ് അറിയിച്ചു.