വയനാടിനെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി. വയനാട്ടിൽ അഞ്ഞൂറിലധികം സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായെന്നും മുൻ എംപി രാഹുൽ ഗാന്ധി ഇരകൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും വയനാടിനെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റിയെന്നും പ്രദീപ് ഭണ്ഡാരി ആരോപിച്ചു. എക്‌സിലൂടെയാണ് വിമർശനം.
‘എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി വയനാടിന്റെ ജനവിധിയെ വഞ്ചിച്ചു. വയനാടിനെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റി. 500 ലധികം ബലാത്സംഗ കേസുകൾ നടന്നിട്ടും ഇരകളെ ആശ്വസിപ്പിക്കാൻ ഒരു സന്ദർശനം പോലും രാഹുൽ നടത്തിയില്ല. 2019 ൽ 17 പേരുടേയും 2021 ൽ 53 പേരുടേയും 2022 ൽ 28 പേരുടേയും 2024ൽ നൂറുകണക്കിന് ആളുകളുടേയും മരണത്തിലേക്ക് നയിച്ച ഉരുൾപൊട്ടൽ മുന്നറിയിപ്പുകൾ അവഗണിച്ചു. കോൺഗ്രസ് ജനങ്ങളെ നിസ്സാരമായി കാണുകയും വോട്ട് ബാങ്ക് ഉറപ്പിക്കുന്നതിലൂടെ വർഗീയ രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നു.
പ്രിയങ്കാ ഗാന്ധിയുടെ അരങ്ങേറ്റം പൂർണമായും തള്ളപ്പെടും. ഇത്തവണ ജനങ്ങൾ ഉത്തരം നൽകും!’- എന്നാണ് പ്രദീപ് ഭണ്ഡാരി എക്‌സിൽ കുറിച്ചത്.
ഡൽഹിയിൽ രാഹുൽ ഗാന്ധി മുസ്‍ലിം തൊപ്പി ധരിച്ച്ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിന്റെ ചിത്രവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2024 ജൂലൈയിലാണ് പ്രദീപ് ഭണ്ഡാരിയെ ബിജെപി ദേശീയ വക്താവായി തിരഞ്ഞെടുത്തത്. നിരവധി ചാനലുകളിൽ ഇയാൾ മാധ്യമപ്രവർത്തകനായി പ്രവർത്തിച്ചിട്ടുണ്ട്. ആരോപണത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.
As MP, Rahul Gandhi betrayed Wayanad’s mandate!
Turned Wayanad into a drug haven.
500+ rapes—not a single visit to console victims.
Ignored landslide warnings, leading to 17 deaths in 2019, 53 in 2021, 28 in 2022, and hundreds in 2024.
Congress takes people for granted, &… pic.twitter.com/9rUayAPZfm
— Pradeep Bhandari(प्रदीप भंडारी)🇮🇳 (@pradip103) October 26, 2024
അതിമനോഹരമായ, സംസ്‌കാര സമ്പന്നമായ ഒരുനാടാണ് വയനാട്. അവിടെ ഇത്തരത്തിൽ യാതൊരു തെറ്റായ പ്രവണതകളും നടക്കുന്നില്ല. ഇത്തരം സംഭവങ്ങൾ ഉണ്ടെന്ന് വരുത്തി തീർത്തത് വയനാടിനെയും കേരളത്തേയും അപമാനിക്കുന്നതിന് തുല്ല്യമാണ്. അതിനെ അംഗീകരിക്കുന്നില്ല. രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ വയനാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉയർന്നുവന്നപ്പോഴെല്ലാം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സമീപിച്ചിട്ടുണ്ട്. പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ട്. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്’, എന്നും രമേശ് ചെന്നിത്തല പറഞ്ഞു.