ഇരിട്ടി പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ച സംഭവം; സുഹൃത്തുക്കൾ റിമാൻഡിൽ
ഇരിട്ടി: ഇരിട്ടി വട്ടിയറപ്പുഴയിൽ ഒഴുക്കിൽപ്പെട്ടു മരിച്ച ചെടിക്കുളം സ്വദേശി തടത്തിൽ ജോബിന്റെ മരണത്തിൽ ഇരിട്ടി പോലീസ് മൂന്നു സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തു. ഇരിട്ടി പൈച്ചേരി പാറാൽ വീട്ടിൽ കെ കെ സക്കറിയ, വിളക്കോട് നബീസ മൻസിൽ പി കെ സാജിർ, മുരിങ്ങോടി മുള്ളൻപറമ്പത്ത് വീട്ടിൽ എ കെ സജീർ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. സെപ്റ്റംബർ 5നായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കളോടൊത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ വട്ടിയറ പുഴയിൽ കുളിക്കാൻ എത്തിയ ജോബിനെ നാലുമണിയോടെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. രാത്രി വൈകിയും ജോബിൻ തിരികെ വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വട്ടിയറ പുഴക്കരയിൽ ജോബിന്റെ വസ്ത്രം അഴിച്ചുവെച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ ജോബിൻ ഒഴുക്കിൽ പെട്ടതാകാം എന്ന സംശയത്തിൽ ഇരിട്ടി പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി.ഏഴാം തീയതിയാണ് സമീപത്തെ കടവിൽ നിന്ന് ജോബിന്റെ മൃതദേഹം ലഭിക്കുന്നത്. ജോബിന്റെ മരണത്തിൽ സംശയമുണ്ടെന്നു കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോലീസ് വീണ്ടും അന്വേഷണം നടത്തിയത്. അപകടത്തിൽപ്പെട്ട ആളെ രക്ഷിക്കാൻ ശ്രമിക്കാതെ കടന്നു കളഞ്ഞതിനും, പോലീസിനെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിച്ചതിനും മനപ്പൂർവ്വം അല്ലാത്ത നരഹത്യ കുറ്റമാണ് പോലീസ് ചുമത്തി ഇരിക്കുന്നത്. ഇരിട്ടി സി.ഐ എ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.