നാഗ്പൂര്‍: നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മാറ്റുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കിവരുന്നത്. അത്തരമൊരു വമ്പന്‍ പദ്ധതി ജനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ തുറന്നുനല്‍കിയിരിക്കുകയാണ്.
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡബിൾ ഡെക്കർ മേൽപ്പാലം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു. കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനായി രൂപകല്പന ചെയ്ത മേൽപ്പാലം നഗര ആസൂത്രണത്തിലും വികസനത്തിലും സുപ്രധാന നേട്ടമാണ്. ഫോര്‍-ടയര്‍ ഡിസൈനിലാണ് (four-tier design) ഡബിള്‍ ഡെക്കര്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. നാല് തലത്തിലുള്ള ഗതാഗത സംവിധാനമുള്ള രാജ്യത്തെ ആദ്യത്തെ നിര്‍മിതി കൂടിയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ .. ദേശീയ പാതയിലെ ഗദ്ദിഗോദം ഗുരുദ്വാരയ്‌ക്ക് സമീപമാണ് ഫ്‌ളൈ ഓവര്‍ സ്ഥിതി ചെയ്യുന്നത്.
”കാര്യക്ഷമമായ ഗതാഗത സംവിധാനങ്ങളുള്ള സ്മാർട്ട് സിറ്റികൾ സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. നാഗ്പൂർ ഡബിൾ ഡെക്കർ മേൽപ്പാലം ഈ ദിശയിലുള്ള ഒരു നിർണായക ചുവടുവയ്പാണ്, ഇന്ത്യയിലെ മറ്റ് നഗരങ്ങൾക്ക് ഇത് മാതൃകയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ഗഡ്കരി പറഞ്ഞു.
“സാമ്പത്തിക വളർച്ചയുടെ നട്ടെല്ലാണ് അടിസ്ഥാന സൗകര്യങ്ങൾ. ഈ മേൽപ്പാലം സുഗമമായ ഗതാഗതം സുഗമമാക്കുകയും നിക്ഷേപം ആകർഷിക്കുകയും നാഗ്പൂരിലെ പ്രാദേശിക ബിസിനസുകൾ വർദ്ധിപ്പിക്കുകയും ചെയ്യും” നഗര ഗതാഗതത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.
സിംഗപ്പൂരിലും മലേഷ്യയിലും വ്യാപകമായി സ്വീകരിച്ചുവരുന്ന അൾട്രാ-റൈൻഫോഴ്‌സ്ഡ് കോൺക്രീറ്റ് സാങ്കേതികവിദ്യയുടെ സാധ്യതകളെപ്പറ്റി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വിശദീകരിച്ചു.
’ ഈ സാങ്കേതികവിദ്യയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഞാന്‍ സംസാരിച്ചിരുന്നു. പുതിയ പാര്‍ലമെന്റ് നിര്‍മാണത്തിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ അദ്ദേഹം സമ്മതം നല്‍കി. വരാനിരിക്കുന്ന മെട്രോ പദ്ധതികളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഈ സാങ്കേതിക വിദ്യയിലൂടെ നിര്‍മാണ ചെലവ് 20 ശതമാനം വരെ കുറയ്‌ക്കാന്‍ സാധിക്കും,’’ ഗഡ്കരി പറഞ്ഞു.
നാഗ്പൂരിലെ മൂന്ന് പ്രധാന ഫ്‌ളൈ ഓവറുകളായ കാംതി റോഡ്, വാര്‍ധാ റോഡ് പാര്‍ഡി എന്നിവയില്‍ 1300 കോടിരൂപ മുതല്‍ 1400 കോടിരൂപ വരെ എന്‍എച്ച്എഐ നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ പ്രദേശത്തെ ഗതാഗത സൗകര്യങ്ങള്‍ സുഗമമാക്കുന്നതിനായി ഗദ്ദിഗോദം മാര്‍ക്കറ്റില്‍ വികസന പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരേ സ്ഥലത്ത് നാല് വ്യത്യസ്ത ഗതാഗത സംവിധാനങ്ങളാണ് നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും മുകളിലായി മെട്രോ ലൈനും അതിനു താഴെ ഫ്‌ളൈ ഓവര്‍. അതിന് താഴെ റെയില്‍വേ ട്രാക്ക്, ഏറ്റവും അടിയില്‍ റോഡ് എന്ന രീതിയിലാണ് പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്.
എല്‍ഐസി സ്‌ക്വയറില്‍ നിന്ന് ഓട്ടോമോട്ടീവ് സ്‌ക്വയറിലേക്കുള്ള 5.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്. മഹാമെട്രോയും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (എന്‍എച്ച്എഐ) ചേര്‍ന്ന് 573 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഇതോടെ നാഗ്പൂരിലെ 3.14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വാര്‍ധ റോഡ് ഫ്‌ളൈ ഓവറിന്റെ റെക്കോര്‍ഡ് ഈ പദ്ധതി മറികടന്നിരിക്കുകയാണ്.
പുതിയ ഫ്‌ളൈ ഓവര്‍ കാംതി റൂട്ടിലെ ഗതാഗതക്കുരുക്കിന് ആശ്വാസം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാംതിയ്‌ക്കും നാഗ്പൂര്‍ വിമാനത്താവളത്തിനും ഇടയിലുള്ള 20 കിലോമീറ്റര്‍ ദൂരം കടക്കാന്‍ ഇനി യാത്രക്കാര്‍ക്ക് വെറും 20 മിനിറ്റ് മതിയാകുമെന്നാണ് കരുതുന്നത്.
2019ലാണ് പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ നിരവധി തടസങ്ങളും വെല്ലുവിളികളും കാരണം ഫ്‌ളൈ ഓവര്‍ നിര്‍മാണം നീണ്ടുപോകുകയായിരുന്നു. കോവിഡ് വ്യാപനവും സ്വകാര്യ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിര്‍മാണ ഘട്ടത്തില്‍ പദ്ധതിയ്‌ക്ക് വെല്ലുവിളി തീര്‍ത്തിരുന്നു.