മുംബൈ: ക്ലാസിൽ അനുസരണക്കേട് കാണിച്ചതിന് ട്യൂഷൻ ടീച്ചറുടെ കൊടുംക്രൂരത. മുംബൈയിലാണ് സംഭവം നടന്നത്. വെറും ഒമ്പത് വയസുള്ള കുട്ടിയുടെ ചെവിക്ക് രണ്ടു തവണ അധ്യാപിക അടിച്ചതിനെ തുടര്‍ന്ന് മസ്തിഷ്‌കാഘാതം സംഭവിച്ചതായി റിപ്പോർട്ടുകൾ. പെണ്‍കുട്ടിയെ ഇപ്പോൾ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
'ദീപിക' എന്ന കുട്ടിയാണ് അധ്യാപികയുടെ കൊടുംക്രൂരതയ്ക്ക് ഇരയായത്. കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ് തുടരുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപികയ്‌ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു.
ഉടൻ തന്നെ പോലീസ് കേസെടുത്തു. പിന്നാലെ ഒളിവില്‍ പോയ അധ്യാപികയ്ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തു. ക്ലാസില്‍ അനുസരണക്കേട് കാണിച്ചെന്ന് കാട്ടിയാണ് ട്യൂഷന്‍ അധ്യാപികയായ രത്‌ന സിങ് എന്ന 20-കാരി ദീപികയെ ക്രൂരമായി മര്‍ദിച്ചതെന്ന് പോലീസ് പറയുന്നു. അടിയുടെ ആഘാതത്തില്‍ കുട്ടി ധരിച്ചിരുന്ന കമ്മല്‍ കവിളില്‍ തുളച്ചുകയറി.
തുടര്‍ന്ന് കുട്ടിയുടെ കേള്‍വിശക്തിക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കുട്ടിയെ മുംബൈയിലെ കെ.ജെ സോമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരിന്നു.
കഴിഞ്ഞ ഒമ്പത് ദിവസമായി വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതി വളരെ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഗുരുതരമായ മസ്തിഷ്‌കാഘാതം സംഭവിച്ച കുട്ടിയുടെ താടിയെല്ലിനും ശ്വാസനാളത്തിനും പരിക്കേറ്റിട്ടുണ്ട്. ടെറ്റനസ് അണുബാധയുമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.