വയനാട് ഇളക്കിമറിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് എത്തും

വയനാട് ഇളക്കിമറിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് എത്തും



വയനാട്: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. മീനങ്ങാടിയിലും പനമരത്തും പൊഴുതനയിലും യോഗങ്ങളിൽ സംസാരിക്കും. നാളെ വയനാട് മണ്ഡലത്തിന്‍റെ ഭാഗമായ മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ വിവിധ നിയോജക മണ്ഡലങ്ങളിലാണ് പരിപാടി .

രാവിലെ പതിനൊന്നരയ്ക്ക് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലാണ് ആദ്യ പരിപാടി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്തെ പരിപാടിയില്‍ സംബന്ധിക്കും. തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലങ്ങളിലെ പരിപാടികളിലും പ്രിയങ്ക പങ്കെടുക്കും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വയനാട്ടിലെത്തിയ പ്രിയങ്കയ്ക്ക് വന്‍ സ്വീകരണമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ജാഥയില്‍ പങ്കെടുത്തിരുന്നു.

അതേസമയം പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തിയാക്കി ചേലക്കര ഉപതെരഞ്ഞെടുപ്പിന്‍റെ അടുത്തഘട്ടത്തിലേക്ക് എല്‍ഡിഎഫ് കടന്നു. കഴിഞ്ഞ ദിവസങ്ങളിലേതു പോലെ കൺവെൻഷനുകളിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കും.

യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്‍റെ മണ്ഡലത്തിലെ വോട്ടർമാരെ നേരിട്ടുകൊണ്ടുള്ള പ്രചാരണം തുടരുകയാണ്. ബിജെപി സ്ഥാനാർഥി കെ ബാലകൃഷ്ണനായി കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയും മുൻമന്ത്രി വി. മുരളീധരനും ഇന്ന് പ്രചാരണത്തിന് ഇറങ്ങും. ഡിഎംകെ സ്ഥാനാർഥി എൻ.കെ സുധീറിനായി പി വി അൻവർ എംഎൽഎയും മണ്ഡലത്തിൽ സജീവമാണ്.