സുൽത്താൻബത്തേരി: വയനാട്ടിൽ വൻ എംഡിഎംഎ വേട്ട. വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി കടത്തുകയായിരുന്ന 68.92 ഗ്രാം എംഡിഎംഎയുമായി മലപ്പുറം മഞ്ചേരി കരിവാരട്ടത്ത് വീട്ടിൽ കെ.വി മുഹമ്മദ് റുഫൈ (30 )നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയത്. ഇന്നലെ രാത്രിയോടെ മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.
പൊൻകുഴി ഭാഗത്തു നിന്നും മുത്തങ്ങ ഭാഗത്തേക്ക് നടന്നു വരികയായിരുന്ന യുവാവ് പൊലീസിനെ കണ്ട് പരിഭ്രമിച്ചതോടെയാണ് കഥ മാറിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇയാളെ വിളിച്ച് പരിശോധിക്കുകയായിരുന്നു. യുവാവിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. അതിർത്തി വഴി സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്ത് തടയുന്നതിനായി കർശന പരിശോധന തുടരുമെന്നും ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിന് ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു. എസ് ഐ പി എൻ മുരളീധരൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷൈജു, സിവിൽ പൊലീസ് ഓഫീസർ സജീവൻ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.