കോഴിക്കോട് : മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കൊടുവളളി മുന്‍ സിപിഎം സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖ്. റിയാസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്ന് റസാഖ് കുറ്റപ്പെടുത്തി.
‘തന്നെ തോല്‍പ്പിക്കാന്‍ ഗൂഡാലോചന നടത്തി. തന്റെ വികസന പദ്ധതികള്‍ മന്ത്രി റിയാസ് അട്ടിമറിച്ചു. മന്ത്രിയെ കൂട്ട് പിടിച്ച് കൊടുവള്ളി എം.എല്‍.എയും ലീഗ് പ്രവര്‍ത്തകരും വികസനം അട്ടിമറിക്കുകയാണെന്നും കാരാട്ട് റസാഖ് ആരോപിച്ചു. തന്റെ ആവശ്യങ്ങള്‍ ഒരാഴ്ചക്കകം അംഗീകരിച്ചില്ലെങ്കില്‍ മാറി ചിന്തിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ സിപിഎമ്മിന് മുന്നറിയിപ്പ് നല്‍കി.
പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് സിപിഎം ലോക്കല്‍, ഏരിയ കമ്മിറ്റികള്‍ക്ക് കത്ത് നല്‍കിയിരുന്നു.എന്നാല്‍ മൂന്ന് വര്‍ഷമായി മറുപടി ഇല്ല. ഇനി ഒരാഴ്ചയോ പത്ത് ദിവസമോ കാക്കും. അതിന് ശേഷം നിലപാട് പ്രഖ്യാപിക്കും. മുഖ്യമന്ത്രിയോടോ സി പി എം സംസ്ഥാന,ജില്ലാ നേതൃത്വത്തോടോ ഇതുവരെ അഭിപ്രായ ഭിന്നതയില്ല. ലോക്കല്‍,ഏരിയ കമ്മിറ്റികളുമായാണ് ഭിന്നതയുളളതെന്ന് കാരാട്ട് റസാഖ് പറഞ്ഞു. താന്‍ ഇപ്പോഴും ഇടത് സഹയാത്രികന്‍ തന്നെയാണ്. അന്‍വറിനൊപ്പം പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. അന്‍വര്‍ ഉന്നയിച്ച സ്വര്‍ണക്കടത്ത് ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ പറയുന്നില്ല. ഇന്നലെ അന്‍വറിനെ കണ്ട ശേഷം നിരവധി യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിന്തുണയുമായി വന്നു.
മദ്രസ ബോര്‍ഡ് ചെയര്‍മാന്റെ ബോര്‍ഡ് കാറില്‍ നിന്ന് ഇതിനോടകം തന്നെ നീക്കിയിട്ടുണ്ട്. പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ലീഗിലേക്ക് പോകില്ല. ലീഗ് നേതാക്കള്‍ ശരിയല്ല. അന്‍വര്‍ ക്ഷണിച്ചു. കാത്തിരിക്കൂ എന്നാണ് മറുപടി പറഞ്ഞതെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി.