'തനിക്ക് ഖാസിയാകണമെന്ന് ചിലർ, രാഷ്ട്രീയത്തിന്റെ പേരിൽ ഖാസിയാക്കാനും ചിലർ'; സാദിഖലിക്കെതിരെ ഉമർ ഫൈസി മുക്കം

'തനിക്ക് ഖാസിയാകണമെന്ന് ചിലർ, രാഷ്ട്രീയത്തിന്റെ പേരിൽ ഖാസിയാക്കാനും ചിലർ'; സാദിഖലിക്കെതിരെ ഉമർ ഫൈസി മുക്കം

@ameen white

മലപ്പുറം: പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ പരോക്ഷമായി അതിരൂക്ഷ വിമർശനവുമായി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. തനിക്ക് ഖാസി ആകണമെന്ന് ചിലർ, രാഷ്ട്രീയത്തിന്റെ പേരിൽ ഖാസി ആക്കാനും ചിലർ, 
ഇതിന് സമസ്തയിൽ നിന്ന് ചിലർ പിന്തുണയും നൽകുന്നു എന്നാണ് ഉമർ ഫൈസി മുക്കത്തിന്റെ പരോക്ഷ വിമർശനം. 
യോഗ്യത ഇല്ലാത്ത പലരും  ഖാസിമാരായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖാസിയാകാൻ ഇസ്ലാമിക നിയമങ്ങൾ ഉണ്ട്. അത് പാലിക്കാതെ പലരും ഖാസി ആകുന്നുണ്ട്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ ജനങ്ങളോട് ചിലത് തുറന്ന് പറയുമെന്നും ഉമർ ഫൈസി മുക്കം അറിയിച്ചു.  ആരെയും പേടിച്ചിട്ടല്ലെന്നും ജനങ്ങൾക്ക് ഇടയിൽ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമസ്തക്ക് എതിരെ പലതും ആഘോഷിക്കുന്നുണ്ട്. സിഐസി വിഷയത്തിൽ സമസ്ത പറഞ്ഞത്  അംഗീകരിക്കുന്നില്ല. സമസ്തയെ വെല്ലുവിളിച്ചു പുതിയ കൂട്ടായ്മ ഉണ്ടാക്കുന്നുവെന്നും ഉമർ ഫൈസി കുറ്റപ്പെടുത്തി. 

ചിലർ അതിരുവിട്ടു പോകുന്നുണ്ട്, കരുതി ഇരുന്നോളൂ, തങ്ങൾ വേണ്ടിവന്നാൽ ആയുധങ്ങൾ പുറത്തെടുക്കുമെന്നും ഉമര്‍ ഫൈസി പ്രസംഗത്തില്‍ ഓര്‍മിപ്പിക്കുന്നു. ഖാസി ഫൗണ്ടേഷൻ എന്ന് ഇതിന് മുന്‍പ് കേട്ടിട്ട് ഉണ്ടോയെന്ന് ചോദിച്ച അദ്ദേഹം സഹകരിച്ചു പോകുന്നത് രാഷ്ട്രീയപാർട്ടിക്കാർക്ക് നല്ലതാണെന്നും ചൂണ്ടിക്കാട്ടി. മലപ്പുറം എടവണ്ണപ്പാറയിൽ സമസ്ത മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ്  മൗലീദ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ഉമർ ഫൈസി മുക്കം.