പലസ്തീൻ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ഗാസക്ക് പ്രതിമാസ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ

പലസ്തീൻ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ഗാസക്ക് പ്രതിമാസ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ


റിയാദ്: പലസ്തീൻ ജനതക്ക് പ്രതിമാസ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ. പലസ്തീനിലെ സഹോദരങ്ങളോടുള്ള സ്നേഹവും കടമയും ഒപ്പം എല്ലാ അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തുന്ന ഇസ്രായേലിന്‍റെ ക്രൂര ചെയ്തികൾ മൂലം ആ ജനതക്കുണ്ടായ കഷ്ടപ്പാടുകളും ആഘാതങ്ങളും ലഘൂകരിക്കുക എന്ന ലക്ഷ്യവുമാണ് ഇതിന് തങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി.

സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അന്താരാഷ്ട്ര സമൂഹത്തിലെ അംഗങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും സാധാരണക്കാരെ സംരക്ഷിക്കുന്നതിനും കൂടുതൽ മാനുഷിക സഹായം നൽകുന്നതിനും നടത്തുന്ന അശ്രാന്ത പരിശ്രമം തുടരുമെന്ന് വീണ്ടും ആവർത്തിക്കുന്നു. പലസ്തീൻ പ്രശ്‌നത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരം കണ്ടെത്താനുള്ള സൗദി ഭരണകൂടത്തിെൻറ അതീവ താൽപര്യം ആവർത്തിച്ച് വെളിപ്പെടുത്തുന്നു. പലസ്തീൻ ജനതക്ക് അവരുടെ എല്ലാ നിയമാനുസൃതമായ അവകാശങ്ങളും നേടാനും കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര രാജ്യം സ്ഥാപിക്കാനും പ്രാപ്തരാക്കുന്നതിനുമുള്ള പിന്തുണയാണിതെന്നും സൗദി പറഞ്ഞു.

പലസ്തീനിലെ സഹോദരങ്ങളെ പിന്തുണയ്ക്കുന്നതിനായി 530 കോടി ഡോളറിലധികം വരുന്ന, മാനുഷിക, ദുരിതാശ്വാസ, വികസന സഹായങ്ങൾ നേരത്തെ നൽകിയിട്ടുണ്ട്. അതിെൻറ തുടർച്ചയായാണ് ഈ പിന്തുണ. മുഖ്യ പരിഗണനയായ ഫലസ്തീനിയൻ വിഷയത്തിലാണ് തങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. തുടക്കം മുതൽ ഗാസയിൽ നിലവിലുള്ള പ്രതിസന്ധി നിയന്ത്രിക്കാനും ഗുരുതരമായ മാനുഷിക സാഹചര്യം പരിഹരിക്കാനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഫലസ്തീനിലെ സഹോദരങ്ങളെ പിന്തുണയ്ക്കുന്നതിനായി അസാധാരണമായ സംയുക്ത അറബ്-ഇസ്‌ലാമിക് ഉച്ചകോടി നിയോഗിച്ച മന്ത്രിതല സമിതിയുടെ അധ്യക്ഷസ്ഥാനം വഹിച്ചുകൊണ്ട് ഈ പ്രതിസന്ധിയിൽ അറബ്, ഇസ്‌ലാമിക നിലപാട് ഏകീകരിക്കാൻ സൗദിക്ക് കഴിഞ്ഞതായും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.