മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ വടക്കൻ ഗാസയിൽ കൊല്ലപ്പെട്ടതായി ഇസ്രയേലിന്റെ സ്ഥിരീകരണം


മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ വടക്കൻ ഗാസയിൽ കൊല്ലപ്പെട്ടതായി ഇസ്രയേലിന്റെ സ്ഥിരീകരണം


ഗാസ: മുതിർന്ന ഇസ്രയേലി സൈനിക ഉദ്യോഗസ്ഥൻ വടക്കൻ ഗാസയിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഇസ്രയേൽ സൈന്യത്തിലെ ഒരു ബ്രിഗേഡ് കമാൻഡറാണ് സ്‍ഫോടനത്തിൽ മരിച്ചത്. ഗാസയിൽ ഹമാസിനെതിരെ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന സൈനിക നടപടികൾക്കിടയിലാണ് സൈന്യത്തെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ മുതിർന്ന ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്.

401 ബ്രിഗേഡ് കമാൻഡറായ കേണൽ അഹ്‍സൻ ദക്സയാണ് വടക്കൻ ഗാസയിലെ ജബലിയയിലുണ്ടായ സ്‍ഫോടനത്തിൽ മരിച്ചതെന്ന് സൈനിക വക്താവ് റിയൽ അഡ്‍മിറൽ ഡാനിയൽ ഹഗാരി അറിയിച്ചു. മറ്റൊരു പ്രസ്താവനയിലൂടെ ഇസ്രയേൽ പ്രതിരോധ മന്ത്രിയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊരു ബറ്റാലിയൻ കമാൻഡർക്കും മറ്റ് രണ്ട് ഓഫീസ‍ർമാർക്കും ആക്രമണത്തിൽ പരിക്കുണ്ട്. പ്രദേശം നിരീക്ഷിക്കാനായി ടാങ്കിൽ നിന്ന് പുറത്തിറങ്ങിയ സമയത്ത് ഇവർക്ക് സമീപം സ്‍ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ഇസ്രയേൽ സൈന്യം നൽകുന്ന വിവരം. 

ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടിക്കിടെ ഇതുവരെ കൊല്ലപ്പെടുന്ന മുതിർന്ന സൈനിക ഉദ്യോഗസ്ഥരിൽ ഒരാൾ കൂടിയായി അഹ്‍സൻ ദക്സ. നേരത്തെ 2006ൽ ഹിസ്‍ബുല്ലക്കെതിരായ ഇസ്രയേലിന്റെ യുദ്ധത്തിൽ മുറിവേറ്റ സൈനികനെ രക്ഷിപ്പെടുത്തിയതിന്റെ പേരിൽ അഭിനന്ദനം ഏറ്റുവാങ്ങിയിട്ടുള്ളയാണ്, ഇസ്രയേൽ പ്രസിഡന്റ് ഹീറോ എന്ന് വിശേഷിപ്പിച്ചിട്ടുള്ള അഹ്‍സൻ ദക്സ.