തൃശ്ശൂർ: അകലാട് ത്വാഹ പള്ളി ബീച്ചിൽ ചാളക്കൂട്ടം കരക്കടിഞ്ഞു. മീൻപിടിക്കാൻ നാട്ടുകാർ കൂട്ടത്തോടെ ബീച്ചിലേക്കെത്തി. ആളുകൾ വലിയ ആഹ്ളാദ ആരവത്തോടെയാണ് ചാകരയെ വരവേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് ത്വാഹ പള്ളി ബീച്ചിൽ ചാളക്കൂട്ടം കരയ്ക്കെത്തിയത്. നമ്മുടെ കടപ്പുറത്തും ചാകരയെത്തിയെന്ന് ആവേശത്തോടെ വിളിച്ചാണ് പ്രദേശവാസികൾ മത്തി വാരിയെടുക്കാനെത്തിയത്. ബീച്ചിൽ ഉണ്ടായിരുന്നവരും വിവരമറിഞ്ഞ് ഓടി എത്തിയവരും ചാളക്കൂട്ടത്തെ കിട്ടിയ പാത്രങ്ങളില്‍ വാരിയെടുത്തു.
വിവരമറിഞ്ഞ് നിരവധി പേർ കടപ്പുറത്തെത്തി ചാള മീൻ വാരിക്കൂട്ടി. അന്തരീക്ഷ താപനിലയിലുണ്ടായ വിത്യാസമാണ് ചാള ചാകരയ്ക്ക് കാരണം. അടിത്തട്ടിൽ ഓക്സിജൻ കിട്ടാത്ത അവസ്ഥയുണ്ടാകുന്നതോടെയാണ് ചാള മീൻ കരക്കടിയുന്നതെന്നാണ് ശാസ്ത്രീയ വശം. ഒരു തീരപ്രദേശത്തേക്ക് മുഴുവനും കൂട്ടത്തോടെ ചാള ചാകര എത്തിയത് വലിയ കൌതുകമാണ് നിറയ്ക്കുന്നത്. വിവരമറിഞ്ഞ് മീൻ ശേഖരിക്കാനും വീഡിയോ പകർത്താനുമായി തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്നുമെല്ലാം ആളുകൾ ത്വാഹ ബീച്ചിലെത്തിയിരുന്നു. വാരിയ ചാളക്കൂട്ടത്തിനു കിലോയ്ക്ക് 50 രൂപ വിലയിട്ടിട്ട് വരെ ആരും വാങ്ങിയല്ല. അത്രയും ചാളകള്‍ കരയ്ക്ക് എത്തിയിരുന്നു.