തദ്ദേശവാര്‍ഡ്‌ വാര്‍ഡ്‌ വിഭജനവുമായി കമ്മിഷന്‍ മുന്നോട്ട്‌; 18-ന്‌ കരട്‌ വിജ്‌ഞാപനം


തദ്ദേശവാര്‍ഡ്‌ വാര്‍ഡ്‌ വിഭജനവുമായി കമ്മിഷന്‍ മുന്നോട്ട്‌; 18-ന്‌ കരട്‌ വിജ്‌ഞാപനം

@ameen white

പ്രതിപക്ഷത്തിന്റെ പ്രതിഷേധം നിലനില്‍ക്കുമ്പോള്‍ തന്നെ ഈ മാസം 18-ന്‌ കരട്‌ വിജ്‌ഞാപനം പുറപ്പെടുവിക്കാനാണ്‌ തീരുമാനം. പ്രതിപക്ഷവുമായി ആലോചിക്കാതെ ഏകപക്ഷീയമായി വാര്‍ഡ്‌ വിഭജനം നടത്തുന്നുവെന്ന പരാതിയാണ്‌ യു.ഡി.എഫും ബി.ജെ.പി.യും ഉയര്‍ത്തുന്നത്‌.

തിരുവനന്തപുരം: പ്രതിപക്ഷം ശക്‌തമായി എതിര്‍ക്കുന്നത്‌ അവഗണിച്ച്‌ തദ്ദേശവാര്‍ഡ്‌ വിഭജന നടപടികളുമായി കമ്മിഷന്‍ മുന്നോട്ട്‌. പ്രതിപക്ഷത്തിന്റെ പ്രതിഷേധം നിലനില്‍ക്കുമ്പോള്‍ തന്നെ ഈ മാസം 18-ന്‌ കരട്‌ വിജ്‌ഞാപനം പുറപ്പെടുവിക്കാനാണ്‌ ഡീലിമിറ്റേഷന്‍ കമ്മിഷന്റെ തീരുമാനം. പ്രതിപക്ഷവുമായി ആലോചിക്കാതെ ഏകപക്ഷീയമായി തങ്ങള്‍ക്ക്‌ അനുകൂലമായി വാര്‍ഡ്‌ വിഭജനം നടത്തുന്നുവെന്ന പരാതിയാണ്‌ യു.ഡി.എഫും ബി.ജെ.പി.യും ഉയര്‍ത്തുന്നത്‌. എന്നാല്‍ പ്രതിഷേധങ്ങള്‍ അവഗണിച്ചുകൊണ്ട്‌ വാര്‍ഡ്‌ പുനര്‍വിഭജന പ്രക്രിയ പൂര്‍ത്തിയാക്കാനാണ്‌ കമ്മിഷന്റെ തീരുമാനം.

സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സംസ്‌ഥാനത്തെ ഗ്രാമപഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ പുനര്‍നിര്‍ണയിച്ചതിന്റെ കരട്‌ വിജ്‌ഞാപനമായിരിക്കും നാളെ പ്രസിദ്ധീകരിക്കുക. കരട്‌ വിജ്‌ഞാപനം പ്രസിദ്ധീകരിച്ച്‌ കഴിഞ്ഞാല്‍ അതിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും ഡിസംബര്‍ 3 വരെ സ്വീകരിക്കാനാണ്‌ ഇപ്പോഴത്തെ തീരുമാനം. കഴിഞ്ഞദിവസം സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ആസ്‌ഥാനത്ത്‌ ചേര്‍ന്ന ഡീലിമിറ്റേഷന്‍ കമ്മിഷന്‍ യോഗമാണ്‌ തീരുമാനം കൈക്കൊണ്ടത്‌. വാര്‍ഡ്‌ പുനര്‍വിഭജനത്തിനായി കലക്‌ടര്‍മാര്‍ സമര്‍പ്പിച്ച കരട്‌ നിര്‍ദ്ദേശങ്ങള്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വിശദമായി പരിശോധിച്ചു.

കരട്‌ വിജ്‌ഞാപനത്തെ സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും നേരിട്ടോ രജിസ്‌റ്റേര്‍ഡ്‌ തപാലിലോ ജില്ലാ കലക്‌ട്രേറ്റുകളിലും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഓഫീസിലും സമര്‍പ്പിക്കാം.

2011 സെന്‍സസ്‌ ജനസംഖ്യയുടെയും തദ്ദേശസ്‌ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം പുതുക്കി നിശ്‌ചയിച്ച 2024 ലെ സര്‍ക്കാര്‍ ഉത്തരവിന്റെയും അടിസ്‌ഥാനത്തിലാണ്‌ വാര്‍ഡ്‌ പുനര്‍വിഭജനം നടത്തുന്നത്‌. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയാറാക്കിയ ക്യൂഫീല്‍ഡ്‌ ആപ്പ്‌ ഉപയോഗിച്ചാണ്‌ വാര്‍ഡുകളുടെ ഭൂപടം തയാറാക്കിയിട്ടുള്ളത്‌. ഒരു തദ്ദേശസ്‌ഥാപനത്തില്‍ ഒരു വാര്‍ഡുവീതം കൂടുന്ന തരത്തിലാണ്‌ വിഭജനം വിഭാവനം ചെയ്‌തിട്ടുള്ളത്‌.

ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ചെയര്‍മാനായ സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ എ. ഷാജഹാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കമ്മിഷന്‍ അംഗങ്ങളായ ഐ.ടി, പരിസ്‌ഥിതിവകുപ്പ്‌ സെക്രട്ടറി ഡോ.രത്തന്‍ യു. ഖേല്‍ക്കര്‍, വിനോദസഞ്ചാരവകുപ്പ്‌ സെക്രട്ടറി കെ.ബിജു, ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ സെക്രട്ടറി എസ്‌. ഹരികിഷോര്‍, ഡീലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രട്ടറി എസ്‌. ജോസ്‌നമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.