റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മയുൾപ്പെടെയുള്ള ബന്ധുക്കൾ സന്ദർശിച്ചു. ഉമ്മ ഫാത്തിമ, സഹോദരൻ, അമ്മാവൻ എന്നിവരെയാണ് റഹീം കണ്ടത്. 18 വർഷത്തിനിടെ ആദ്യമായാണ് കുടുംബവുമായുള്ള റഹീമിന്റെ കൂടിക്കാഴ്ച. ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിലെത്തിയ ഫാത്തിമ റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ എത്തിയാണ് റഹീമിനെ കണ്ടത്.
ഉമ്മയും ബന്ധുക്കളും കഴിഞ്ഞ ദിവസം സൗദിയിലെത്തിയെങ്കിലും ഇവരെ റഹീം കണ്ടിരുന്നില്ല. ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്നാണ് റഹീം അന്ന് പ്രതികരിച്ചത്. ഉമ്മ വന്നെന്ന് അറിഞ്ഞപ്പോൾ തന്നെ എനിക്ക് രക്തസമ്മർദ്ദം ഉയരുന്നതിന്‍റെ ലക്ഷണമുണ്ടായി. അപ്പോൾ തന്നെ മരുന്ന് കഴിച്ചു. ഉമ്മയുടെ മനസിൽ ഇന്നും 18 വർഷം മുമ്പ് സൗദിയിലേക്ക് തിരിച്ചപ്പോഴുള്ള മകന്‍റെ മുഖമാണ്. അത് അങ്ങനെ തന്നെ ഉണ്ടാവട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്ന് റഹീം അന്ന് സുഹൃത്തുക്കളോട് ഫോണിൽ പറഞ്ഞത്.