19കാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ, ഒരുമാസത്തിനിടെ കൊന്നത് 5 പേരെ; ഞെട്ടി പൊലീസ്


19കാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ, ഒരുമാസത്തിനിടെ കൊന്നത് 5 പേരെ; ഞെട്ടി പൊലീസ്


അഹമ്മദാബാദ്: 19കാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഗുജറാത്തിലെ വാപിയിലാണ് സംഭവം. ഒരുമാസത്തിനിടെ ഇയാൾ പെൺകുട്ടിയെയടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് സമ്മതിച്ചു. ഹരിയാനയിലെ റോഹ്തക് നിവാസിയായ രാഹുൽ കരംവീർ ജാട്ട് എന്നയാളാണ് പ്രതി. ഗുജറാത്തിലെ വൽസാദിലെ വാപി റെയിൽവേ സ്റ്റേഷനിൽ നിന്ന് നവംബർ 24നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ട്രെയിനുകളിൽ വച്ച് പ്രതി 4 പേരെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. നവംബർ 14നാണ് ​ഗുജറാത്തിലെ ഉദ്‌വാഡ റെയിൽവേ സ്റ്റേഷന് സമീപമുള്ള പാളത്തിന് സമീപം യുവതിയെ കൊലപ്പെടുത്തിയത്. പരിശോധനയിൽ യുവതി ബലാത്സം​ഗത്തിനിരയായതായി തെളിഞ്ഞു. തുടർന്നാണ് വൽസദ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. ഗുജറാത്തിലെ പല ജില്ലകളിലുമായി 2,000 സിസിടിവി ക്യാമറകൾ ഇയാളെ കണ്ടെത്താനായി പരിശോധിച്ചിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി നിരവധി തെരച്ചിൽ സംഘങ്ങൾ രൂപീകരിച്ചു.

റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് കണ്ടെത്തിയ വസ്ത്രമാണ് നിർണായകമായത്. അതേ വസ്ത്രം പ്രതിയെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടു. കൊലക്ക് ശേഷം റെയിൽവേ സ്റ്റേഷനിൽ ജാട്ട് ഭക്ഷണം കഴിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കണ്ടെക്കി. ജോലി ചെയ്യുന്ന ഒരു ഹോട്ടലിൽ നിന്ന് ശമ്പളം വാങ്ങാനാണ് പ്രതി എത്തിയത്.  സന്ദർശനത്തിനിടെ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയാണ് കൊലക്കിരയായത്. അന്വേഷണത്തിൽ പ്രതി സീരിയൽ കില്ലറാണെന്ന് സൂചന ലഭിച്ചു.

അറസ്റ്റിന് ഒരു ദിവസം മുൻപ് തെലങ്കാനയിലെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനു സമീപം ട്രെയിനിൽ വച്ച് പ്രതി ഒരു സ്ത്രീയെ കൊള്ളയടിച്ച് കൊലപ്പെടുത്തിയിരുന്നു. ഒക്ടോബറിൽ മഹാരാഷ്ട്രയിലെ സോലാപൂർ റെയിൽവേ സ്‌റ്റേഷനു സമീപം ട്രെയിനിൽ വച്ച് ഇയാൾ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പിന്നീട് ബംഗാളിലെ ഹൗറ റെയിൽവേ സ്‌റ്റേഷനു സമീപം കതിഹാർ എക്‌സ്പ്രസ് ട്രെയിനിൽ വയോധികനെ കുത്തിക്കൊന്നു.

കർണാടകയിലെ മുൽക്കിയിൽ ട്രെയിൻ യാത്രക്കാരനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. വെറും ഒരുമാസത്തിനിടെയാണ് ഇത്രയും കൊലപാതകങ്ങൾ എന്നതിനാൽ പ്രതി കൂടുതൽ പേരെ കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്ന നി​ഗമനത്തിലാണ് പൊലീസ്. ഒറ്റയ്ക്കുള്ളവരെ കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. ഭിന്നശേഷിക്കാർക്കുള്ള കോച്ചുകളിൽ കയറിയാണ് കൊള്ളയും കൊലപാതകവും നടത്തിയത്. ട്രെയിനുകളിൽ മാറിമാറി പോകുന്നതാണ് പ്രതിയെ പിടിക്കാൻ ബുദ്ധിമുട്ടായത്.

അഞ്ചാം ക്ലാസിൽ പഠനം നിർത്തിയ ശേഷം രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ  കൊള്ളകളിൽ ഏർപ്പെട്ടുവെന്നും ഇയാൾക്കെതിരെ 13ഓളം കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.