മലയാളി യുവ ചരിത്രകാരൻ മഹ്മൂദ് കൂരിയക്ക് ഇൻഫോസിസ് 2024 പ്രൈസ്; 1 ലക്ഷം യുഎസ് ഡോളറും ഗോൾഡ് മെഡലും സമ്മാനം

മലയാളി യുവ ചരിത്രകാരൻ മഹ്മൂദ് കൂരിയക്ക് ഇൻഫോസിസ് 2024 പ്രൈസ്; 1 ലക്ഷം യുഎസ് ഡോളറും ഗോൾഡ് മെഡലും സമ്മാനം


സോഷ്യൽ സയൻസസ് വിഭാഗത്തിൽ യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗ് യുകെയിലെ മലയാളി ഗവേഷകനായ മഹ്മൂദ് കൂരിയ ആണ് ജേതാവ്.

2024 ലെ ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാമ്പത്തിക ശാസ്ത്രം, എഞ്ചിനീയറിംഗ് ആന്‍റ് കമ്പ്യൂട്ടർ സയൻസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നീ ആറ് വിഭാഗങ്ങളിലാണ് ഇൻഫോസിസ് പ്രൈസ് 2024 പ്രഖ്യാപിച്ചത്.

സോഷ്യൽ സയൻസസ് വിഭാഗത്തിൽ യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗ് യുകെയിലെ മലയാളി ഗവേഷകനായ മഹ്മൂദ് കൂരിയ ആണ് ജേതാവ്. ഗോൾഡ് മെഡലും ഫലകവും ഒരു ലക്ഷം യുഎസ് ഡോളറുമാണ് സമ്മാനത്തുക.

മഹ്മൂദ് കൂരിയയ്ക്ക് 'മാരിടൈം ഐലൻ ഇൻ ഗ്ലോബൽ പെർസ്‌പെക്ടീവ്' എന്ന വിഷയത്തിലെ സംഭവനയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. കേരളത്തിന്റെ വിവിധ കാലഘട്ടങ്ങളെ ആധാരമാക്കിയായിരുന്നു പഠനം. നേരത്തെ നെതർലാൻഡ്‌സിലെ ലെയ്ഡൻ സർവകലാശാലയിൽ നിന്ന് കൂരിയയ്ക്ക് ഫെല്ലോഷിപ്പ് ലഭിച്ചിരുന്നു. മലപ്പുറം സ്വദേശിയായ കൂരിയ നിരവധി ഗവേഷണ പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

രണ്ട് വനിതകളടക്കം ആറ് പേർക്കാണ് പുരസ്കാരം. സാമ്പത്തിക ശാസ്ത്രത്തിൽ പ്രൊഫസർ അരുൺ ചന്ദ്രശേഖർ, എഞ്ചിനീയറിംഗ് ആന്‍റ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ പ്രൊഫസർ ശ്യാം ഗൊല്ലക്കോട്ട, ലൈഫ് സയൻസിൽ പൊഫസർ സിദ്ദേഷ് കാമ്മത്ത്, മാത്തമാറ്റിക്കൽ സയൻസിൽ പ്രൊഫസർ നീന ഗുപ്ത, ഫിസിക്കൽ സയൻസിൽ വേദിക കേമാനി എന്നിവരാണ് പുരസ്കാര ജേതാക്കൾ.