തിരുവനന്തപുരം: കേരളത്തിൽ ഒക്ടോബർ മാസത്തിൽ തുലാവർഷം കാര്യമായ നിലയിൽ അനുഭവപ്പെട്ടിരുന്നില്ല. നവംബർ മാസത്തിൽ തുലാവർഷം കനത്തേക്കുമെന്ന പ്രവചനങ്ങൾ യാഥാർത്ഥ്യമാകുന്ന നിലയിലേക്കാണ് ഇതുവരെയുള്ള കാലാവസ്ഥ തെളിയിക്കുന്നത്. വരും ദിവസങ്ങളിലും തുലാവർഷം തീവ്രമായേക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്. 3 ചക്രവാതിചുഴികളുടെ സാന്നിധ്യം കേരളത്തിൽ മഴ ശക്തമാക്കുമെന്നാണ് പ്രവചനം. ഇത് പ്രകാരം അടുത്ത ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. അതിനിടെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ചക്രവാതചുഴി സംബന്ധിച്ച അറിയിപ്പ്
മന്നാർ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കൻ അറബിക്കടലിൻറെ മധ്യഭാഗത്തായും ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴക്കു സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 05,08,09 തീയതികളിൽ ശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം
05/11/2024: തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്
08/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി
09/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.