മോസ്‌കോ ആക്രമിച്ച്‌ യുൈക്രന്‍; രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യം, മോസ്‌കോയിലെത്തിയത് 34 ഡ്രോണുകള്‍

മോസ്‌കോ ആക്രമിച്ച്‌ യുൈക്രന്‍; രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യം, മോസ്‌കോയിലെത്തിയത് 34 ഡ്രോണുകള്‍



മോസ്‌കോ: രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യമായി റഷ്യന്‍ തലസ്‌ഥാനമായ മോസ്‌കോയ്‌ക്കു നേരേ ആക്രമണം. ഒരാള്‍ക്കു പരുക്കേറ്റു. തങ്ങള്‍ അയച്ച 34 ഡ്രോണുകള്‍ മോസ്‌കോയില്‍ നാശംവിതച്ചതായി യുൈക്രന്റെ അവകാശവാദം. റഷ്യയിലെ ഏഴു മേഖലകളിലായി യുൈക്രനില്‍നിന്ന്‌ 70 ഡ്രോണുകള്‍ പ്രവേശിച്ചെങ്കിലും അവയെ നശിപ്പിച്ചായും റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. റഷ്യയില്‍നിന്നുള്ള 145 ഡ്രോണുകള്‍ തകര്‍ത്തതായി യുൈക്രനും അവകാശപ്പെട്ടു.

2022 ല്‍ റഷ്യ- യുൈക്രന്‍ യുദ്ധം ആരംഭിച്ചതിന്‌ ശേഷം റഷ്യയില്‍ ഭൂമിയില്‍ നടക്കുന്ന ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണിത്‌. ആക്രമണത്തെത്തുടര്‍ന്നു ഡൊമോഡെഡോവോ, ഷെറെമെത്യേവോ, ഷുകോവ്‌സ്കി വിമാനത്താവളങ്ങളില്‍നിന്ന്‌ കുറഞ്ഞത്‌ 36 വിമാനങ്ങളെങ്കിലും വഴിതിരിച്ചുവിട്ടതായി റഷ്യയുടെ ഫെഡറല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഏജന്‍സി അറിയിച്ചു. പിന്നീട്‌ വിമാന സര്‍വീസുകള്‍ പുനഃസ്‌ഥാപിച്ചു.

യൂറോപ്പിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണു മോസ്‌കോ. 2.1 കോടിയാണ്‌ അവിടുത്തെ ജനസംഖ്യ. ഈ സാഹചര്യത്തില്‍ മോസ്‌കോയിലേക്കുള്ള ഡ്രോണ്‍ നുഴഞ്ഞുകയറ്റത്തെ ഗൗരവത്തോടെയാണു റഷ്യ കാണുന്നത്‌. റഷ്യയിലെ ബ്രയാന്‍സ്‌ക് മേഖലയിലെ ആയുധപ്പുരയെ ആക്രമിച്ചതായും യുൈക്രന്‍ അറിയിച്ചു, ഈ മേഖലയില്‍ 14 ഡ്രോണുകള്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ടുണ്ട്‌. ഈ അവകാശവാദം സ്‌ഥിരീകരിക്കാന്‍ യുൈക്രന്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്‌.

തങ്ങളുടെ തലസ്‌ഥാനമായ കീവിനുനേരേ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ക്കു തിരിച്ചടിയായാണു ഡ്രോണ്‍ ആക്രമണമെന്നാണു യുൈക്രന്റെ അവകാശവാദം. എണ്ണ ശുദ്ധീകരണശാലകള്‍, വ്യോമത്താവളങ്ങള്‍, റഡാര്‍ സ്‌റ്റേഷനുകള്‍ എന്നിവയെ ഡ്രോണ്‍ ഉപയോഗിച്ച്‌ ആക്രമിക്കുന്നതാണു യുൈക്രന്റെ തന്ത്രം. യു.എസിന്റെ നിയുക്‌ത പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ വിശ്വസ്‌തന്‍ എലോണ്‍ മസ്‌കിന്റെ സ്‌റ്റാര്‍ലിങ്ക്‌ ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണു യുൈക്രന്റെ ഡ്രോണ്‍ നീക്കങ്ങള്‍.ഇവയെ നേരിടാന്‍ നൂതന ഇലക്‌ട്രോണിക്‌ ജാമിങ്‌ സംവിധാനങ്ങളുമായി റഷ്യയും രംഗത്തുണ്ട്‌. അവയെ മറികടന്നു മോസ്‌കോയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്‌ നേട്ടമാണെന്ന വിലയിരുത്തലുണ്ട്‌. മുമ്പ്‌ രണ്ടാം ലോകയുദ്ധകാലത്ത്‌ ജര്‍മനിയാണു മോസ്‌കോയില്‍ ആക്രമണം നടത്തിയത്‌. യു.എസുമായി ശീതയുദ്ധം ഉണ്ടായിരുന്നെങ്കിലും അതു മോസ്‌കോ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ കലാശിച്ചിട്ടില്ല. ശീതയുദ്ധത്തിന്‌ ശേഷം മോസ്‌കോയുടെ സുരക്ഷയ്‌ക്കുള്ള ബജറ്റ്‌ റഷ്യ വെട്ടിക്കുറച്ചിരുന്നു.