@ameen white
കല്പറ്റ : നൊമ്പരമായി വയനാട്ടിൽ ഉരുൾപ്പൊട്ടൽ ബാധിത പ്രദേശത്ത് പ്രത്യേകം സജീകരിച്ച മൂന്ന് ബൂത്തുകൾ. ദുരന്തം നടന്നതിന് ശേഷമുളള ആദ്യ വോട്ടെടുപ്പ് നടക്കുന്ന വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും കഴിഞ്ഞ വോട്ടെടുപ്പിനുണ്ടായിരുന്ന, ബൂത്തിൽ സജീവമായിരുന്ന പലരുമില്ല. ചൂരൽമല മുണ്ടക്കൈ ഭാഗങ്ങളിലുളള ദുരിത ബാധിതർക്കായാണ് പ്രത്യേക ബൂത്തുകൾ സജീകരിച്ചത്. ചൂരൽ മലയിൽ 169-ാം ബൂത്തും അട്ടമലയിൽ 167ാം ബൂത്തും മുണ്ടക്കൈ നിവാസികൾക്കായി മേപ്പാടിയിലുമാണ് (ബൂത്ത് 168 ) പ്രത്യേക ബൂത്തുകളുളളത്. കഴിഞ്ഞ തവണ 73 ശതമാനം പോളിംഗ് നടന്ന ചൂരൽ മലയിൽ 1236 വോട്ടർമാരാണുളളത്. ഈ ബൂത്തിലെ 110 പേർ ഇത്തവണയില്ല. അട്ടമല ബൂത്തിലെ 16 പേരും ഇത്തവണയില്ല.
കഴിഞ്ഞ തവണ രാവിലെ വോട്ടെടുപ്പിന് മുമ്പ് തന്നെ നീണ്ട ക്യൂ ഉണ്ടായിരുന്ന ബൂത്തുകൾ ഇത്തവണ വിജനമാണെന്ന് പ്രദേശവാസികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാ തിരഞ്ഞെടുപ്പിലും ആദ്യമെത്തി വോട്ട് ചെയ്യുന്ന ചിലരുണ്ടായിരുന്നു അവരൊന്നും ഇന്നില്ല. വെളളാർമല സ്കൂളായിരുന്നു ബൂത്ത് സജീകരിക്കാറുണ്ടായിരുന്നത്. ആ സ്കൂളും ഇത്തവണയില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് പോളിംഗ് ബൂത്തിലെത്തിക്കാൻ സൗജന്യ വാഹനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ ആരെല്ലാം വോട്ട് ചെയ്യാനെത്തുമെന്ന് അറിയില്ല. പലരും പലയിടങ്ങളിലായിപ്പോയെന്നും വാർഡ് മെമ്പർ ബാലകൃഷ്ണൻ പറയുന്നു.