പാകിസ്ഥാനിൽ യാത്രാ വാഹന വ്യൂഹത്തിന് നേരെ വെടിവയ്പ്പ്: 50 മരണം

പാകിസ്ഥാനിൽ യാത്രാ വാഹന വ്യൂഹത്തിന് നേരെ വെടിവയ്പ്പ്: 50 മരണം


ഇസ്ലാമാബാദ്: പാകിസ്ഥാനിൽ യാത്രാ വാഹനങ്ങൾക്ക് നേരെ ആയുധധാരികൾ നടത്തിയ ആക്രമണക്കിൽ 50 പേർ കൊല്ലപ്പെട്ടു.  വ്യാഴാഴ്ച ഖൈബർ പഖ്തൂൺഖ്വയിലെ കുറം ജില്ലയിലാണ് സംഭവം. നിരവധി വാഹനങ്ങൾക്ക് നേരെ അക്രമികൾ വെടിയുതിർത്തു. ന്യൂനപക്ഷമായ ഷിയാ സമുദായത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരിലേറെയും. പാറച്ചിനാറിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് തോക്കുധാരികൾ വെടിയുതിർത്തത്. ആക്രമണത്തിൽ 45 പേർ മരിച്ചതായി കുറം ഡെപ്യൂട്ടി കമ്മീഷണർ ജാവേദ് ഉള്ളാ മെഹ്‌സൂദ് സ്ഥിരീകരിച്ചു.

ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ലെങ്കിലും നിരോധിത തെഹ്‌രീകെ താലിബാൻ പാകിസ്ഥാനാണ് (ടിടിപി) ആക്രമണത്തിന് പിന്നിലെന്നാണ് നി​ഗമനം. ആക്രമണത്തെ പാകിസ്ഥാൻ പ്രസിഡൻ്റ് ആസിഫ് അലി സർദാരി ശക്തമായി അപലപിച്ചു. ഭീരുത്വവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സർദാരിയും അപലപിച്ചു. നിരപരാധികളായ പൗരന്മാർക്കെതിരായ ക്രൂരമായ ആക്രമണമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചത്.

രാജ്യത്തിൻ്റെ സമാധാനത്തിൻ്റെ ശത്രുക്കൾ നിരപരാധികളായ പൗരന്മാരുടെ വാഹനവ്യൂഹത്തെ ആക്രമിച്ചത് ക്രൂരതയാണെന്നും സമാധാനം തകർക്കാനുള്ള ദേശവിരുദ്ധരുടെ എല്ലാ ശ്രമങ്ങളും തടയുമെന്നും അദ്ദേഹം പറഞ്ഞു. ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി അലി അമിൻ ഖാൻ ഗണ്ഡാപൂരും ആക്രമണത്തെ അപലപിച്ചു. ഷിയാ-സുന്നി വിഭാഗീയ സംഘർഷങ്ങൾ സ്ഥിരമായി നടക്കുന്നതാണ് ഈ പ്രദേശം.

ഒക്ടോബറിൽ സമാനമായ അക്രമത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 16 പേർ കൊല്ലപ്പെട്ടിരുന്നു. സെപ്തംബറിൽ ഷിയാ, സുന്നി ഗോത്രങ്ങൾ തമ്മിൽ ഭൂമി തർക്കത്തെ ചൊല്ലിയുണ്ടായ ഏറ്റുമുട്ടലിൽ 50 ലധികം പേർ കൊല്ലപ്പെടുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു