ശ്രീകണ്ഠപുരം: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 62.12 കോടി രൂപ ചെലവിലാണ് കണിയാർ വയല്‍-കാഞ്ഞിലേരി-ഉളിക്കല്‍ റോഡ് 12 മീറ്റർ വീതിയില്‍ നവീകരിച്ചത്.
എന്നാല്‍, 18 കിലോ മീറ്ററുള്ള ഈ റോഡിലൂടെ ട്രിപ്പ് നടത്തുന്നത് ഒരേയൊരു ബസ് മാത്രമാണ്. ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് വർഷമായെങ്കിലും ഇതു വഴി ബസുകളില്ലാത്തത് പ്രദേശ വാസികളെ ദുരിതത്തിലാക്കുന്നു.
ഇരിക്കൂർ, മട്ടന്നൂർ നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന റോഡ് 2018ലാണ് നിർമാണം തുടങ്ങിയത്. പുഴ വെള്ളം കയറുന്ന പ്രദേശങ്ങളില്‍ രണ്ടര കിലോ മീറ്റർ നീളത്തില്‍ റോഡ് ഉയർത്തിയും നടപ്പാതയും നാല്‍പതോളം കലുങ്കുകളും ആവശ്യമായ സ്ഥലങ്ങളില്‍ പാർശ്വ ഭിത്തികളും ഒരുക്കിയാണ് റോഡ് നവീകരിച്ചത്. മലയോര ഹൈവേയെയും തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയേയും ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്.
ഇരിക്കൂർ, മട്ടന്നൂർ നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന റോഡ് 2018ലാണ് നിർമാണം തുടങ്ങിയത്. പുഴവെള്ളം കയറുന്ന പ്രദേശങ്ങളില്‍ രണ്ടര കിലോ മീറ്റർ നീളത്തില്‍ റോഡ് ഉയർത്തിയും നടപ്പാതയും നാല്‍പതോളം കലുങ്കുകളും ആവശ്യമായ സ്ഥലങ്ങളില്‍ പാർശ്വ ഭിത്തികളും ഒരുക്കിയാണ് റോഡ് നവീകരിച്ചത്. മലയോര ഹൈവേയെയും തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയേയും ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്.
ഉളിക്കലില്‍ നിന്ന് ശ്രീകണ്ഠപുരത്തെത്താനുള്ള തിരക്കൊഴിഞ്ഞ പാതയും ഇതാണ്. നിലവില്‍ ഉച്ചക്ക് ഉളിക്കലില്‍ നിന്ന് ശ്രീകണ്ഠപുരത്തേക്ക് ഒരു ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. ശ്രീകണ്ഠപുരം-പയ്യാവൂർ വഴി കാഞ്ഞിലേരി വരെ ഒരു ബസും ഓടുന്നുണ്ട്.
കാഞ്ഞിലേരി, വയക്കര, ബാലങ്കരി, മൊളൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ള വിദ്യാർഥികളടക്കമുള്ളവർ കണിയാർ വയലില്‍ വന്നാണ് ബസ് കയറുന്നത്. ഇരുചക്ര വാഹനമുള്ളവർ കണിയാർ വയല്‍ വരെ അതില്‍ വരുന്നു. മറ്റുള്ളവർ കാല്‍ നടയായി വന്നു വേണം ബസ് കയറാൻ.
കണിയാർ വയലിലെ റോഡരികില്‍ ദിവസവും ബസ് കയറാനെത്തിയവരുടെ നിരവധി ഇരുചക്ര വാഹനങ്ങള്‍ പാർക്ക് ചെയ്ത നിലയില്‍ കാണാനാകും. വീതിയുള്ള റോഡുണ്ടായിട്ടും ഉളിക്കലില്‍ നിന്ന് കണിയാർ വയലിലേക്ക് ബസ് സർവീസ് മാത്രം നടക്കുന്നില്ല.
ഉളിക്കലില്‍ നിന്ന് കണിയാർവയല്‍ മലപ്പട്ടം-മയ്യില്‍ വഴി എളുപ്പത്തില്‍ കണ്ണൂരിലും എത്താനാകും. ഈ റൂട്ടില്‍ കെ.എസ്.ആർ.ടി.സി ബസെങ്കിലും അനുവദിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
ഉളിക്കലില്‍ നിന്ന് ജില്ല ആസ്ഥാനമായ കണ്ണൂരിലേക്കും താലൂക്ക് ആസ്ഥാനമായ തളിപ്പറമ്പിലേക്കും കൂടുതല്‍ ബസ് റൂട്ടുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് കാഞ്ഞിലേരി പൊതുജന വായനശാല നിവേദനം നല്‍കിയിരുന്നു.