സംസ്ഥാന സ്‌കൂള്‍ കായികമേള: ഗോള്‍ വല നിറച്ച് കണ്ണൂര്‍ ജയം 8-0ന്

സംസ്ഥാന സ്‌കൂള്‍ കായികമേള: ഗോള്‍ വല നിറച്ച് കണ്ണൂര്‍ ജയം 8-0ന്




കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 19 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ ഫുട്ബോള്‍ മത്സരത്തില്‍ കണ്ണൂരിന് പൊന്‍തിളക്കം. ഫോര്‍ട്ട് കൊച്ചിയിലെ വെളി മൈതാനത്ത് ആയിരുന്നു മത്സരം, മുഴുവന്‍ സമയത്തും കോഴിക്കോടിന്റെ പോസ്റ്റില്‍ നിറഞ്ഞ് കളിച്ച കണ്ണൂര്‍ ടീം ഫൈനല്‍ ഫിസില്‍ മുഴങ്ങുമ്പോള്‍ എട്ട് ഗോള്‍ നേടിയാണ് ചാമ്പ്യന്മാരായത്.

രണ്ടാം സ്ഥാനം കോഴിക്കോടും മൂന്നാം സ്ഥാനം തൃശ്ശൂരും നേടി. കണ്ണൂര്‍ ടീമിന്റെ ക്യാപ്റ്റനും അന്താരാഷ്‌ട്ര താരവുമായ ഷില്‍ജി ഷാജി ആറ് ഗോള്‍ നേടിയപ്പോള്‍ അന്ന മാത്യു, ബി. സുബി എന്നിവര്‍ ഓരോ ഗോളുകള്‍ വീതം കണ്ണൂരിന് നേടിക്കൊടുത്തു. തികച്ചും പതിഞ്ഞ രീതില്‍ കളിച്ച കോഴിക്കോട് ടീം മത്സരത്തിലുടനീളം ഒരുതരത്തിലുള്ള വെല്ലുവിളിയും ഉയര്‍ത്താത്തത് കണ്ണൂരിന്റെ വിജയം എളുപ്പമാക്കി. മത്സരത്തിലെ മികച്ച താരമായി കണ്ണൂരിന്റെ ഷില്‍ജി ഷാജിയെ തെരഞ്ഞെടുത്തപ്പോള്‍ ഭാവിതാരമായി തൃശ്ശൂരിന്റെ വി.എസ്. ആര്‍ദ്ര തെരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തില്‍ വിജയികളായ കണ്ണൂര്‍ ടീമിന് പി.വി ശ്രീനിജിന്‍ എംഎല്‍എ ട്രോഫി നല്‍കി. മുന്‍ രാജ്യാന്തര ഫുട്ബോള്‍ താരങ്ങളായ കെ.ടി. ചാക്കോ, ഫിറോസ് ഷെരീഫ്, സ്പോര്‍ട്സ് ഓര്‍ഗൈനസര്‍ ഡോ. സി.എസ് പ്രദീപ് എന്നിവര്‍ വിജയികള്‍ക്ക് മെഡലുകള്‍ വിതരണം ചെയ്തു.